
കൊച്ചി: തലയിലെയും കഴുത്തിലെയും അപൂർവ ക്യാൻസറുകളുടെ ചികിത്സയ്ക്കായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ സെന്റർ ഫോർ കോംപ്ലക്സ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ (സിസിഎച്ച്എൻസി) ആരംഭിച്ചു. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സങ്കീർണവുമായ തല, കഴുത്ത് കാൻസറുകൾക്ക് സമഗ്രവും അത്യാധുനികവുമായ പരിചരണം നൽകുന്നതിനായി രൂപകല്പന ചെയ്‌തിരിക്കുന്ന കേന്ദ്രമാണ് കോംപ്ലക്സ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ സെന്റർ. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. സങ്കീർണവും ആവർത്തിച്ചുള്ളതും, രോഗ നിർണയം നടത്താനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതുമായ തല, കഴുത്ത് ക്യാൻസറുകൾ സിസിഎച്ച്എൻസി കൈകാര്യം ചെയ്യുന്നു.
അത്യാധുനിക സാങ്കേതികവിദ്യ, കൃത്യമായ ജീനോമിക് രോഗ നിർണയം, വിവിധ മേഖലകളിലെ നൂതന ചികിത്സാ വൈദഗ്ദ്ധ്യം, സമഗ്രമായ പുനരധിവാസം എന്നിവ സംയോജിപ്പിച്ച് ലോകോത്തര ക്യാൻസർ പരിചരണം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ.മോണി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.ഈ രംഗത്ത് 40 വർഷത്തിലേറെ പരിചയസമ്പത്തുളള വ്യക്തിയാണ് ഡോ. മോണി എബ്രഹാം കുര്യാക്കോസ്. ആഗോള ഡ്രഗ് ആക്‌സസ് പ്രോഗ്രാമുകളിലൂടെയും പ്രമുഖ അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി സഹകരിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയും നൂതന ചികിത്സാ രീതികൾ സൃഷ്ടിക്കാൻ സിസിഎച്ച്എൻസി ശ്രമിച്ചുവരുന്നു.
രോഗികൾക്ക് ഏറ്റവും പുതിയ ചികിത്സകൾ അതിവേഗം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. തലയിലും കഴുത്തിലും ക്യാൻസർ ആവർത്തിക്കാനുള്ള സാധ്യത 50 ശതമാനം വരെ ഉയർന്നതാണെന്ന് ഡോ. മോണി കൂട്ടിച്ചേർത്തു. നൂതന കമ്പ്യൂട്ടർ സഹായത്തോടെ ചികിത്സയുടെ ഡിജിറ്റൽ പ്ലാനിംഗിലും രോഗിക്ക് അനുയോജ്യമായ ഇംപ്ലാന്റുകളിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ഹെഡ് & നെക്ക് സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. അശ്വിൻ മുള്ളത്ത് പറഞ്ഞു. പുനഃനിർമാണവും പുനഃരധിവാസവും സംയോജിപ്പിച്ച് അവയവത്തിന്റെ രൂപവും പ്രവർത്തനവും പുനഃസ്ഥാപിക്കാൻ ഇതിലൂടെ കഴിയും.
സിസിഎച്ച്എൻസിയിൽ വിപുലമായ ഡയഗ്നോസ്റ്റിക്സ്, റോബോട്ടിക് സർജറികൾ, മിനിമലി ഇൻവേസീവ് നടപടിക്രമങ്ങൾ, ജോ-ഇൻ-എ-ഡേ പുനഃനിർമാണം, ജീനോമിക് അധിഷ്ഠിത ടാർഗെറ്റഡ് തെറാപ്പികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സ്പീച്ച് ആൻഡ് സ്വാലോവിംഗ് തെറാപ്പി, ഡെന്റൽ കെയർ, ഫിസിയോ തെറാപ്പി, സൈക്കോ ഓങ്കോളജി, പാലിയേറ്റീവ് സപ്പോർട്ട് എന്നിവയുൾപ്പെടെ സമഗ്രമായ പുനഃരധിവാസവും രോഗികൾക്ക് ലഭിക്കുന്നു.
സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, പാത്തോളജി, ക്യാൻസർ ജീനോമിക്സ്, റേഡിയോളജി എന്നിവയിലെ വിദഗ്ധരുടെ കൂട്ടായ സേവനമാണ് രോഗികൾക്ക് കേന്ദ്രത്തിൽ ലഭിക്കുക. ലോകോത്തര വൈദഗ്ധ്യം, അത്യാധുനിക സാങ്കേതികവിദ്യ, ആഗോള കേന്ദ്രങ്ങളുമായി സംയോജിച്ചുള്ള ചികിത്സാ പദ്ധതികൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, കൊച്ചിയിൽ തന്നെ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള ക്യാൻസർ ചികിത്സ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്കെ അബ്ദുള്ള പറഞ്ഞു.