
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഏതൊരാളുടെയും മനസ്സിലേക്കോടി വരും നമ്മുടെ സ്വന്തം വള്ളം കളി. കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്ത് നടക്കുന്ന വള്ളംകളി ഇന്ന് ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു.
വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജലാശയങ്ങൾ ധാരാളമുള്ള കേരളത്തിൽ ചേര രാജാക്കന്മാരുടെ കാലം മുതൽക്കേ വഞ്ചികൾ ഒരു പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു. കാലാന്തരത്തിൽ വള്ളം കളി എന്നൊരു വിനോദ രൂപമായി അത് വികാസം പ്രാപിച്ചു.
കേരളത്തിൽ ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നു വരുന്നത്. ഇവയിൽ ഏറ്റവും പ്രശസ്തമായതും ലോകമെമ്പാടും അറിയപ്പെടുന്നതും നെഹ്‌റു ട്രോഫി വള്ളംകളിയാണ്. പ്രസിദ്ധമായ ഈ ജലോത്സവം വർഷം തോറും എല്ലാ ആഗസ്റ്റ് മാസത്തിലെയും രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിലാണ് നടക്കുന്നത്.
ഈ ജലോത്സവം ഇന്ന് ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ലായിരുന്നു ഇത്. ഇന്നും മുടക്കം കൂടാതെ ഈ ജലോത്സവം തുടരുന്നു.
ഇതുകൂടാതെ, ഓണക്കാലത്ത് നടക്കുന്ന മറ്റൊരു വള്ളംകളിയാണ് ആറന്മുളയിലേത്. ഇത് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വള്ളംകളിയായി കണക്കാക്കപ്പെടുന്നു.






