
കെഎസ്ആര്ടിസി സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള് കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്വീസുകള്ക്ക് ഉപയോഗിക്കാന് പാകത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവര്ത്തനം വിലയിരുത്തിയശേഷമാണ് പുതിയവ വാങ്ങാന് തീരുമാനിച്ചത്. ആദ്യബാച്ചിലെ പത്തുബസുകള് കൂടി ഇറങ്ങാനുണ്ട്.
രണ്ടാം ബാച്ചിലെ 113 ബസുകള് സിറ്റി ഉപയോഗത്തിന് പറ്റിയ (ഒമ്പതുമീറ്റര്) നീളം കുറഞ്ഞവയാണ്. തിരുവനന്തപുരം നഗരത്തിലാകും ഇവ വിന്യസിക്കുക. സിറ്റി ബസുകള് പൂര്ണമായും ഇലക്ട്രിക്കിലേക്ക് മാറ്റുകയാണ് ലക്ഷ്യം. എ.സി. ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എ.സി. ഒഴിവാക്കുന്നതിനാല് കൂടുതല് മൈലേജ് ലഭിക്കും.
12 മീറ്റര് നീളമുള്ള 150 ബസുകള്ക്കും ഓര്ഡര് നല്കിയിട്ടുണ്ട്. ഇവ ജില്ലകളെ ബന്ധിപ്പിച്ച് ഓടിക്കാനാണ് സാധ്യത. ഫാസ്റ്റ് മുതല് മുകളിലോട്ടുള്ള സൂപ്പര്ക്ലാസ് സര്വീസുകള്ക്ക് നിലവിലെ സാഹചര്യത്തില് ഇ-ബസുകള് അനുയോജ്യമല്ലെന്നാണ് നിഗമനം. ചാര്ജിങ്ങിന് എടുക്കുന്ന സമയമാണ് വെല്ലുവിളി.
ബാറ്ററി മാറ്റിവെക്കാന് കഴിയുന്ന സംവിധാനം നിലവില് വന്നാല് പോരായ്മ പരിഹരിക്കാനാകും. ഡിപ്പോകളില് ചാര്ജ് ചെയ്തുവെച്ചിരിക്കുന്ന ബാറ്ററി പത്തുമിനിറ്റിനുള്ളില് ഒരു ബസിലേക്ക് മാറ്റിവെക്കാനാകും.
മേല്മൂടി നീക്കംചെയ്യാന് കഴിയുന്ന ഇ-ഡബിള് ഡെക്കര് ബസ് വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം നഗരത്തില് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ഡബിള്ഡെക്കര് ബസിനു പകരമാണ് പുതിയ സംവിധാനം.






