
കണ്ണൂർ: ചകിരി ചോറ് കമ്പോസ്റ്റ് (അഗ്രി പിത്ത്) കാനഡയിലേക്ക് കയറ്റുമതി ചെയ്യാനാരംഭിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ. കമ്പനിയുടെ പഴയങ്ങാടി യൂണിറ്റിലെ ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റിൽ ഉത്പാദിപ്പിക്കുന്ന അഗ്രിപിത്തിൻ്റെ ആദ്യ കണ്ടയ്നർ കാനഡയിലേക്ക് കയറ്റുമതി ചെയ്തു. ആദ്യ ഘട്ടത്തിൽ 22 ടൺ ചകിരി ചോർ കമ്പോസ്റ്റാണ് അയച്ചത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാംപീറ്റ് എന്ന സ്ഥാപനമാണ് കാനഡയിലെ വിപണനം ഏറ്റെടുത്തിരിക്കുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന കയർ യന്ത്ര നിർമാണ കമ്പനിയുമായി സഹകരിച്ച് , കെസിസിപിഎൽ പ്രതിവർഷം 180 ലക്ഷം തൊണ്ട് സംസ്കരിക്കുന്നതിന് ശേഷിയുള്ള ഹൈ-ടെക് കയർ ഡീഫൈബറിംഗ് യൂണിറ്റുകൾ ആരംഭിച്ചിരുന്നു. ഒരു ഷിഫ്റ്റിൽ 30,000 തൊണ്ട് വീതം സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റുകൾ. ആദ്യ ഘട്ടത്തിൽ ലോംഗ് ഫൈബർ, കയർ പിത്ത് കമ്പോസ്റ്റ് എന്നിവയാണ് ഉത്പ്പാദിപ്പിക്കുന്നത്. കയർഫെഡിനാണ് കയർപ്പിത്ത് പൂർണമായും നൽകുന്നത്.
കയർ മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. കയർ ഡി-ഫൈബറിംംഗ് യൂണിറ്റിൽ നിന്നും ഉത്പാദിപ്പിക്കുന്ന കയർ ഫൈബറിന്റെ ഉപോത്പന്നമായി ലഭ്യമാകുന്ന കയർ പിത്തിനെ പ്രത്യേക സംസ്കരണ രീതിയിലൂടെ 30 ദിവസത്തെ സമയമെടുത്താണ് കമ്പോസ്റ്റ് വളമായി മാറ്റുന്നത്. അഗ്രി പിത്ത് എന്നാണ് ബ്രാൻഡിന്റെ പേര്. വിപണിയിലെത്തി മൂന്ന് വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണിത് നേടുന്നത്. ഈ ഉത്പന്നത്തിന് വിദേശ രാജ്യങ്ങളിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാം ഫീറ്റ് എന്ന കമ്പനിയുടെ ട്രയൽ ഓർഡറായി 22 ടൺ അഗ്രിപിത്ത് പഴയങ്ങാടി യൂണിറ്റിൽ നിന്നും കടൽ മാർഗം കാനഡയിലേക്കയച്ചത്.