
ഇന്ത്യയുടെ ഏറ്റവും ജനകീയനായ രാഷ്ട്രപതി തീര്‍ച്ചയായും എപിജെ അബ്ദുല്‍ കലാമാണ്. രാജ്യം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി പക്ഷേ കെ.ആര്‍ നാരായണന്‍ തന്നെ. ആ പദവിയുടെ അന്തസ്സ് ആവോളം ഉയര്‍ത്തിപ്പിടിച്ചയാള്‍. ആര്‍ട്ടിക്കിള്‍ 356-ന്റെ ദുരുപയോഗം തടയാന്‍ ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള ശുപാര്‍ശകള്‍ രണ്ടു തവണ മടക്കി അയച്ചത് ചരിത്രപരമായ നടപടി. രാഷ്ട്രപതി ഇന്ത്യയുടെ ഒരു റബ്ബര്‍ സ്റ്റാമ്പല്ല. അദ്ദേഹം രാജ്യത്തിന്റെ മനസാക്ഷിയുടെ കാവല്‍ക്കാരനാണ് എന്ന കെ.ആര്‍ നാരായണന്റെ വാക്കുകള്‍ ഭരണഘടനാപരമായ ധാര്‍മികതയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രപതിമാര്‍ വോട്ട് ചെയ്യാതിരുന്ന കീഴ്വഴക്കം അദ്ദേഹം തിരുത്തി. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്റെ വോട്ടവകാശം വിനിയോഗിച്ചു. ആദ്യ ദളിത് രാഷ്ട്രപതി എന്ന നിലയിലും ആദ്യ മലയാളി രാഷ്ട്രപതി എന്ന നിലയിലും അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹിമയെ അടയാളപ്പെടുത്തി.
കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് കെആര്‍ നാരായണന്റെ ജനനം. ആയുര്‍വേദ ചികിത്സകനായിരുന്നു അച്ഛന്‍. ദാരിദ്ര്യം മൂലം ഫീസ് നല്‍കാന്‍ കഴിയാതെ ക്ലാസിന് പുറത്തുനിന്ന് പഠിക്കേണ്ട ഗതികേട് നേരിടേണ്ടിവന്ന മിടുക്കനായ വിദ്യാര്‍ത്ഥി.
ജ്യേഷ്ഠന്‍ പകര്‍ത്തിയെഴുതിയ പുസ്തകങ്ങളായിരുന്നു പഠനത്തിന് ആശ്രയം. എന്നിട്ടും തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റി റാങ്കോടെ ബിരുദം പൂര്‍ത്തിയാക്കി. പക്ഷെ ദളിതനായതിനാല്‍ അധ്യാപക ജോലിയും നിഷേധിക്കപ്പെട്ടു. ദില്ലിയിലേക്ക് അദ്ദേഹം വണ്ടി കയറി. അവിടെ പത്രപ്രവര്‍ത്തകനായി കുറേക്കാലം ജോലി ചെയ്തു. ജെആര്‍ഡി ടാറ്റ നല്‍കിയ സ്‌കോളര്‍ഷിപ്പില്‍ അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു. പ്രഗത്ഭ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ ചിന്തകനുമായ ഹാരോള്‍ഡ് ലാസ്‌കിയുടെ പ്രിയ ശിഷ്യനായി. 1948-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ഓണേഴ്സ് ബിരുദം നേടി. 1949-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം രാജ്യത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞരില്‍ ഒരാള്‍ എന്ന പ്രശംസ നേടി. നയതന്ത്ര രംഗത്തെ മിടുക്കനായ യുവാവിനെ നെഹ്റുവിന് വലിയ താത്പര്യമായിരുന്നു.
1976-78 ല്‍ ചൈനയിലും 198084 ല്‍ അമേരിക്കയിലും അംബാസഡറായി. തുടര്‍ന്ന് ജപ്പാന്‍, യുകെ, തായ്ലാന്‍ഡ്, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും. ഇടയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും (197980) പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്ന നാരായണന്‍, ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ (1984,1989,1991) വിജയിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യം, ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിയവയുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. 1992-ല്‍ ഒമ്പതാമത് ഉപരാഷ്ട്രപതിയായും, തുടര്‍ന്ന് 1997 ജൂലൈ 25-ന് ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായും അധികാരമേറ്റു.
അദ്ദേഹത്തിന്റെ ജീവിതാദര്‍ശം മുഴുവന്‍ സമത്വത്തിലും മനുഷ്യാവകാശങ്ങളിലും ഊന്നിയായിരുന്നു. ‘If equality is denied, everything else becomes meaningless,’ എന്ന വാക്കുകള്‍ അത് പ്രതിഫലിപ്പിക്കുന്നു. അത് സ്വന്തം ജീവിതത്തിന്റെ തിക്താനുഭവങ്ങളുടെ രക്തം പൊടിഞ്ഞ വാക്കുകളാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.






