മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ചെറുകിട–ഇടത്തരം വ്യവസായങ്ങൾക്ക് പിന്തുടരാം കൊറിയ മോഡൽ

  • രേഷ്മ കെ.എസ്.

കേരളത്തിലെ ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ ദിനചര്യയിൽ പൊതുവായ ഒരു നൂൽപ്പാതയുണ്ട്; അനിശ്ചിതത്വം. ഒരാൾ വരുമോ, സാധനം സമയത്ത് എത്തുമോ, ഓർഡർ ഉറപ്പാണോ, നാളെ എന്താണ് സംഭവിക്കാൻ പോകുന്നത്… അങ്ങനെ ഒരുപാട് ചോദ്യ ചിഹ്നങ്ങളുടെ മീതെയാണ് വ്യവസായങ്ങളുടെ സഞ്ചാരം. ഈ അവ്യക്തതയാണ് നമ്മുടെ വ്യവസായങ്ങളുടെ ഭാരം. ഒരു ദിവസം ഉത്പാദനം നന്നായി നടക്കും; അടുത്ത ദിവസം അതേ ജോലിക്കാർക്കിടയിൽ ഒട്ടും തീരാത്ത അലക്ഷ്യവും അനിശ്ചിതത്വവും. അങ്ങനെ നോക്കുമ്പോൾ കൊറിയ എന്ന രാജ്യം ഒരു അത്ഭുതമാണ്.  കുറച്ച് ദശാബ്ദങ്ങൾക്ക് മുൻപ് വരെ പിന്നോക്കം നിന്ന ഒരു സമൂഹം, ലോകത്തിന് മുന്നിൽ കഴിവിന്റെയും കൃത്യതയുടെയും പ്രതീകമായി മാറിയത് വളരെ വേഗമാണ്. അവരുടെ രഹസ്യം വലിയ യന്ത്രങ്ങളോ പ്രഗത്ഭരായ ശാസ്ത്രജ്ഞരോ അല്ല; സ്ഥിരമായി ചെയ്യുന്ന ജോലികളിലെ കൃത്യതയും സമയത്തോടുള്ള ബഹുമാനവുമാണ്.

കൊറിയയിൽ ഒരു പ്രവൃത്തി തുടങ്ങുമ്പോൾ അതിന്റെ ലക്ഷ്യവും ദിശയും എല്ലാവർക്കും വ്യക്തമാണ്. ഒരിക്കൽ നിശ്ചയിച്ചാൽ, വീണ്ടും വീണ്ടും തിരുത്തലുകളും അനാവശ്യ കൂട്ടിച്ചേർക്കലുകളോ അവിടെ പതിവല്ല. ഓരോ വ്യക്തിയും, ഒരു വലിയ പ്രവാഹത്തിന്റെ ഭാഗമാണെന്ന ബോധം അവിടത്തെ ജോലി സ്ഥലങ്ങളെ കൂടുതൽ സമതുലിതമാക്കുന്നു. നിശ്ചിത സമയത്ത് തുടങ്ങുക, നിശ്ചിത സമയത്ത് തീർക്കുക, തെറ്റുകൾ ഉണ്ടാകാതെ പൂർത്തിയാക്കുക; ഈ മൂന്ന് കാര്യങ്ങളും അവിടുത്തെ തൊഴിലാളിയുടെ സ്വഭാവ ഗുണങ്ങളിൽ ഒന്നാണ്. നമ്മുടെ ചെറുകിട–ഇടത്തരം വ്യവസായങ്ങളിൽ ഇതിന് വിരുദ്ധമായ ഒരു അന്തരീക്ഷമാണ് പലപ്പോഴും കാണുന്നത്. ഒരാളുടെ മനോഭാവം മാറിയാൽ ജോലിയുടെ ഗതി തന്നെ കുഴങ്ങും. പ്രവൃത്തികൾ വ്യക്തികളുടെ ശൈല അനുസരിച്ച് വഴിമാറും. ഒരാൾ ഇല്ലെങ്കിൽ ആ ദിവസം ചെയ്യേണ്ട പ്രവൃത്തിയുടെ തന്നെ രൂപം മാറും. കാര്യങ്ങൾ എങ്ങനെയെങ്കിലും നടക്കും എന്ന് കരുതുന്ന സമീപനമാണ് ഇവിടെ കൂടുതലായും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ പദ്ധതികളുണ്ടെങ്കിലും പ്രവൃത്തിയുടെ അവസാന ചിത്രത്തിൽ പലപ്പോഴും കുഴപ്പങ്ങളാണ് കാണപ്പെടുന്നത്.

കൊറിയയെ പകർത്തുക എന്ന ആശയം കേൾക്കുമ്പോൾ ആദ്യം നമ്മൾ ചിന്തിക്കേണ്ടത് അവരുടെ സാമൂഹിക പശ്ചാത്തലമാണ്. അവിടുത്തെ തൊഴിലാളിക്ക് ജോലിയോടുള്ള ബഹുമാനം, സമയത്തോടുള്ള വിശ്വാസ്യത, ശീലങ്ങളിലെ നിശ്ചിതത്വം എന്നിവയെല്ലാം തലമുറകളിലൂടെ കൈമാറപ്പെട്ട സംസ്കാരമാണ്. അതിനെ നിയമങ്ങളാക്കിയാൽ പാലിക്കപ്പെടുമെന്ന് കരുതാൻ പാടില്ല. നമ്മുടെ ദേശത്തിന്റെ ദിനചര്യ, ജോലി സ്ഥലങ്ങൾ, സമൂഹത്തിന്റെ മനോഭാവം എന്നിവയെല്ലാം തികച്ചും വ്യത്യസ്തമാണ്. എങ്കിലും കൊറിയയുടെ പാഠം സ്വീകരിക്കാനാവില്ലെന്നും പറയാനാവില്ല. അവരുടെ മാതൃകയിൽ നിന്നു നമുക്ക് പഠിക്കാൻ കഴിയുന്ന ഒരു പ്രധാന സന്ദേശമുണ്ട്. പ്രവൃത്തിയുടെ ക്രമീകരണം വ്യക്തമായാൽ, സ്ഥാപനത്തിന്റെ ഒഴുക്ക് ലാളിത്യത്തോടെ നടക്കും. സമയം ഒരു ശീലമാകുമ്പോൾ, കാര്യങ്ങൾ കുഴക്കത്തിനിടയാക്കുന്ന ചെറിയ ഇടവേളകളാണ് ആദ്യം മാറ്റപ്പെടുന്നത്.

ഒരു ചെറുകിട സ്ഥാപനവും രാവിലെ 10 മിനിറ്റ് ചെലവഴിച്ച് അന്ന് ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് വ്യക്തമാക്കി ഓരോ ദിവസവും ആരംഭിക്കുക. അങ്ങനെ തുടങ്ങുകയാണെങ്കിൽ തെറ്റിദ്ധാരണകൾ ഒട്ടുമിക്കതും പകുതിയിൽ തന്നെ ഒഴിവാക്കാം. ആവർത്തിച്ചു ചെയ്യുന്ന ജോലികൾ ലളിതമായി എഴുതി സൂക്ഷിച്ചാൽ, ആ ജോലി ചെയ്യുന്ന ആൾ ഇല്ലാത്ത ദിവസം ആ മാർഗരേഖ ഉപയോഗിച്ച് അയാളുടെ അഭാവം സ്ഥാപനത്തെ ഉലയ്ക്കില്ല. തൊഴിലാളികളുടെ കഴിവുകൾ ചെറിയ പരിശീലനങ്ങളിലൂടെ വളർത്തുന്നൊരു സംസ്കാരം വളർത്തിയെടുക്കാൻ കഴിഞ്ഞാൽ, അവർ ചെയ്യുന്ന ജോലിയുടെ നിലവാരം സ്വാഭാവികമായി ഉയരും. ഇവയെല്ലാം വലിയ വിപ്ലവങ്ങൾ അല്ല; എന്നാൽ അവയുടെ ഫലം സ്ഥാപനത്തിന്റെ ഉള്ളിലെ സ്വഭാവം തന്നെ മാറുന്നതാണ്.

നമ്മുടെ ചെറുകിട–ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും വലിയ നഷ്ടം, പലപ്പോഴും, നമുക്ക് കാണാൻ പോലും കഴിയാത്ത തരത്തിലാണ് സംഭവിക്കുന്നത്. ഒരു ചെറിയ പിഴവ്, ഒരു തെറ്റായ വിവരം,10 മിനിറ്റ് വൈകി തുടങ്ങുന്ന ജോലി എന്നിവക്ക് ആഴ്ചയുടെ അവസാനം വലിയ വില കൊടുക്കേണ്ടി വരും. കൊറിയയുടെ അനുഭവം നമ്മോട് പറയുന്നത് ഇത്തരം ചെറിയ പിഴവുകളാണ് ആദ്യം ശരിയാക്കേണ്ടതെന്നാണ്.  ഒടുവിൽ, കൊറിയയുടെ മാതൃകയെ പകർത്തലല്ല, അതിന്റെ ആത്മാവിനെ ഉൾക്കൊള്ളലാണ് നമ്മളുടെ ചെറുകിട–ഇടത്തരം വ്യവസായങ്ങൾക്ക് ആവശ്യമായിരിക്കുന്നത്. സമയം ബഹുമാനിക്കപ്പെടണം, പ്രവൃത്തി അധികാര വൈകല്യമില്ലാതെ മുന്നോട്ട് നീങ്ങണം, വ്യക്തികൾ മാറിയാലും പ്രവൃത്തി പാത തെറ്റാതിരിക്കണം. ഇതെല്ലാം നമുക്ക് ശീലിക്കാവുന്ന കാര്യങ്ങളാണ്. വിപണി വേഗത്തിൽ മാറുകയാണ്. ഉപഭോക്താവ് ഒന്നിനും കാത്തിരിക്കില്ല. വേഗത്തിലേക്കുള്ള പൊരുത്തപ്പെടുത്തലാണ് ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ വലിയ പരീക്ഷയും. അതിൽ വിജയിക്കുന്നവർക്ക് മുന്നിൽ വഴികൾ തുറക്കും; ശേഷിക്കുന്നവർക്ക് വിപണി ഒരു മറുപടി മാത്രമേ നൽകൂ; “നിങ്ങൾ വൈകി.”

X
Top