
മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കാൻ മഹാരാഷ്ട്രസർക്കാർ സമ്മതം നല്‍കി. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിർത്തുക. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കണ്‍ മേഖലയിലും കർണാടകപ്രദേശത്തും താമസിക്കുന്നവരില്‍നിന്ന് ഏറെ സമ്മർദമുണ്ടായിരുന്നു.
പാതയില്‍ വികസനപ്രവർത്തനങ്ങള്‍ നടത്താൻ കഴിയാത്തതും കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാൻപറ്റാത്തതുമാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. സാമ്ബത്തികമായി ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന കൊങ്കണ്‍ റെയില്‍വേ, പാത ഇരട്ടിപ്പിക്കല്‍പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. റെയില്‍വേ ഏറ്റെടുക്കുന്നതോടെ ഇതിനെല്ലാം വേഗംകൈവരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ റെയില്‍വേക്ക് 51 ശതമാനം ഓഹരിയോടെയും മഹാരാഷ്ട്ര (22), കർണാടക (15), ഗോവ (6), കേരളം (6) എന്നീ സംസ്ഥാനങ്ങളുടെ ഓഹരിപങ്കാളിത്തത്തോടെയുമാണ് 1990-ല്‍ കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ രൂപവത്കരിച്ചത്.
കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള സമ്മതപത്രം കർണാടക, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ നേരത്തേ നല്‍കിയിരുന്നു. മഹാരാഷ്ട്രാസർക്കാർ ഇപ്പോഴാണ് സമ്മതപത്രം നല്‍കുന്നത്.
മഹാരാഷ്ട്രയിലെ റോഹയില്‍നിന്ന് മംഗലാപുരത്തിനടുത്തുള്ള തോക്കൂർവരെയുള്ള 741 കിലോമീറ്റർപാതയാണ് കൊങ്കണ്‍ റെയില്‍വേയുടെ കീഴിലുള്ളത്.