
കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്‍മാന്‍ എമിരറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു.ഓഹരിയൊന്നിന് 286 രൂപ വീതമാണ് ഇടപാട്.ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ഫണ്ടാണ് ഇതില്‍ 35 ലക്ഷം ഓഹരികളും സ്വന്തമാക്കിയത്.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാധ്യമങ്ങളെ അറിയിച്ചു.
നടപ്പു പാദത്തിന്റെ (ഒക്ടോബര്‍-ഡിസംബര്‍) തുടക്കത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ പ്രമോട്ടര്‍മാര്‍ക്ക് 55.62 ശതമാനം ഓഹരികളാണുണ്ടായിരുന്നത്.വി-ഗാര്‍ഡ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 4.54 കോടി ഓഹരികളുണ്ടായിരുന്നു.
ഓഹരി വില്‍പ്പനയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഓഹരികളുടെ എണ്ണം 4.09 കോടിയായി.പ്രമോട്ടര്‍മാരുടെ മൊത്തം ഓഹരി വിഹിതം 54.8 ശതമാനമായും കുറഞ്ഞു.
മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളിയാണ് പ്രമോട്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത് . 19.3 ശതമാനം ഓഹരിയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.
ഇടപാടിന് ശേഷം വി-ഗാര്‍ഡ് ഓഹരി ഇന്ന് ഒരുവേള 6 ശതമാനത്തിലേറെ ഉയര്‍ന്നു.ഇന്നത്തെ ഓഹരി വിലയനുസരിച്ച് 12,700 കോടി രൂപയാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 58.95 കോടി രൂപയുടെ സംയോജിത ലാഭമാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നേടിയത്. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 43.66 കോടി രൂപയേക്കാള്‍ 35 ശതമാനം അധികമാണിത്.ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 989 കോടി രൂപയില്‍ നിന്ന് 1,147.91 കോടി രൂപയായും വര്‍ധിച്ചു.