
പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹർദീപ് സിങ് പുരി
കൊച്ചി: 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) സമ്മേളനത്തിനും എക്സ്പോയ്ക്കും കൊച്ചിയിൽ പ്രൗഢഗംഭീരമായ തുടക്കം.
2047ഓടെ മെട്രോയും ബസുകളും ഉൾപ്പടെ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഉദ്‌ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസിനും എക്‌സിബിഷൻ 2022 നും ആതിഥേയത്വം വഹിക്കുന്നതിനുള്ള ഉചിതമായ വേദിയാണ് കൊച്ചിയെന്നും മന്ത്രി പറഞ്ഞു.
നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകാ നഗരമായി കൊച്ചി മാറി. ഇത്തരത്തിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം പ്രശംസനീയമാണെന്നും ‘വാഹനങ്ങളേക്കാൾ ആളുകളുടെ സഞ്ചാരം ‘ എന്ന കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യവുമായി ഇത് യോജിച്ചു പോകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 സെപ്തംബർ വരെ രാജ്യത്തെ 20 നഗരങ്ങളിൽ 810 കിലോമീറ്റർ മെട്രോ ലൈൻ പ്രവർത്തനക്ഷമമാണെന്നും 980 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ലൈൻ/RRTS ശൃംഖല 27 നഗരങ്ങളിൽ നിലവിൽ നിർമ്മാണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മെട്രോ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. താമസിയാതെ വികസിത സമ്പദ്‌വ്യവസ്ഥകളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയെ മറികടന്ന് മൂന്നാമത്തെ വലിയ ശൃംഖലയായി ഇന്ത്യ മാറും.
10 ദ്വീപുകളെ 15 റൂട്ടുകളിലൂടെ 78 കിലോമീറ്റർ ശൃംഖലയിൽ ബന്ധിപ്പിച്ചു കൊണ്ട് പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾക്ക് യാത്രചെയ്യാൻ കഴിയും വിധം കൊച്ചി മെട്രോ ആസൂത്രണം ചെയ്യുന്ന നൂതന ജല മെട്രോ പദ്ധതിയെ അഭിനന്ദിച്ചു.
റോഡ്, റെയിൽ ഗതാഗതത്തെ അപേക്ഷിച്ച് ഉൾനാടൻ ജലഗതാഗതത്തിന് കൂടുതൽ ഊർജ്ജക്ഷമതയുള്ളതിനാൽ ദൈനംദിന യാത്രക്കാർക്ക് ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ ബദൽ സംവിധാനമായി ജല മെട്രോ മാറുമെന്നും അദ്ദേഹം പറഞ്ഞു.
2030-ലാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും, അടുത്ത 2 വർഷത്തിനുള്ളിൽ തന്നെ 20% ജൈവ ഇന്ധന മിശ്രണം കൈവരിക്കാൻ രാജ്യം സജ്ജമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 10% ജൈവ ഇന്ധന മിശ്രിതം കഴിഞ്ഞ വർഷം രാജ്യത്തിന് 40,000 കോടി രൂപയുടെ ലാഭമുണ്ടാക്കി.
പ്രതിദിനം രാജ്യത്തിന്റെ അസംസ്‌കൃത എണ്ണയുടെ ഇന്ധന ഉപഭോഗം 5 ദശലക്ഷം ബാരൽ എന്നത് അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രതിദിനം 7 ദശലക്ഷം ബാരലായി ഉയർന്നേക്കും. ഇന്ധന ആവശ്യകതയുടെ ആഗോള വളർച്ചാ നിരക്ക് 1% ആയിരിക്കുമ്പോൾ ഇന്ത്യയിൽ അത് ഏകദേശം 3% ആണ്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം കേരള ഗവൺമെന്റിന്റെ സഹകരണത്തോടെ 2022 നവംബർ 4 മുതൽ 6 വരെ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ശ്രീ ഹർദീപ് എസ്.പുരിയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനമൊട്ടാകെ പൊതുഗതാഗത സംവിധാനം നവീകരിക്കുന്നതിൽ സംസ്ഥാന ഗവണ്മെന്റ് ശ്രദ്ധാലുവാണെന്നും അത് തുല്യവും താങ്ങാനാവുന്ന ചെലവിലും സുസ്ഥിരവുമാകേണ്ടത് അനിവാര്യമാണെന്നും വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.