
- ഹരിയാന കമ്പനി പഠനം തുടങ്ങി
കൊച്ചി: മെട്രൊ റെയില്‍ അങ്കമാലിയിലേക്ക് നീട്ടണമെന്ന ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കപ്പെടുന്നു. ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ട മൂന്നാം ഘട്ട വികസന പദ്ധതിക്കുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പഠനം ആരംഭിച്ചു.
ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനം നടത്തുന്നത്. 1.03 കോടി രൂപ ചിലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മെട്രോ പാത അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കണക്ടവിറ്റി വേണമെന്നുമുള്ള ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ എലിവേറ്റഡ് പാതയുടെ നിര്‍മാണം. കുറച്ചുദൂരം ഭൂഗര്‍ഭ പാത ആയിരിക്കും. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകൾ, എഞ്ചിനീയറിംഗ് പഠനം തുടങ്ങിയവ നടത്തും.
ഡിപിആര്‍ പഠനത്തിനുള്ള ചെലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ ധന സഹായ പദ്ധതിയിൽ നിന്നാണ് നിര്‍വ്വഹിക്കുന്നത്.