സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ടം: കാക്കനാട്ടേക്ക് കുതിപ്പ് തുടങ്ങാൻ ഇനി ഏഴുമാസം

കൊച്ചി: ‘പിങ്ക് ലൈനി’ൽ മെട്രോയുടെ യാത്ര തുടങ്ങാൻ ഇനി ഏഴുമാസം കൂടി. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കും.

രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മാസം 30 ലക്ഷത്തോളം പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. കാക്കനാട് റൂട്ട് വരുന്നതോടെ ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം അരക്കോടിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നീ സ്റ്റേഷനുകളിലേക്കാണ് ആദ്യം സർവീസ് തുടങ്ങുക. സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവ രണ്ടാം ഭാഗമായും പൂർത്തിയാക്കും.
11.2 കിലോമീറ്ററാണ് പിങ്ക് ലൈൻ എന്നറിയപ്പെടുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ നീളം. 1957 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.

നിർമാണം ഇതുവരെ
രണ്ടാംഘട്ടത്തിൽ ആകെ ആവശ്യമുള്ള 2019 പൈലുകളിൽ 1145 എണ്ണം പൂർത്തിയായി. വയഡക്ടിന് 1651 പൈലുകളാണ് വേണ്ടത്. ഇതിൽ 880 എണ്ണം പൂർത്തിയായിട്ടുണ്ട്. സ്റ്റേഷനുവേണ്ട 368 പൈലുകളിൽ 265 എണ്ണത്തിന്റെ നിർമാണം കഴിഞ്ഞു.

പൈൽ ക്യാപ് 469 എണ്ണം വേണ്ടതിൽ 165 എണ്ണം പൂർത്തിയായിട്ടുണ്ട്. 469 തൂണുകൾ വേണ്ടതിൽ 70 എണ്ണമായി. യു ഗർഡർ 490 എണ്ണത്തിൽ 95 എണ്ണത്തിന്റെ നിർമാണം കഴിഞ്ഞു. പിയർ ക്യാപ് 371 എണ്ണത്തിൽ 105 എണ്ണമായി. ഐ ഗർഡർ 534 എണ്ണത്തിൽ 75 എണ്ണവും പൂർത്തിയായി.

തൂണുകൾക്ക് നമ്പർ ഒന്നുമുതൽ
മെട്രോ തൂണുകൾ ഒരു മേൽവിലാസം കൂടിയാണ്. മെട്രോ റൂട്ടിലെ സ്ഥാപനങ്ങൾ ഉൾപ്പെടെ അടയാളമായി ഉപയോഗിക്കുന്നത് തൂണുകളിൽ രേഖപ്പെടുത്തുന്ന നമ്പറാണ്.

കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള റൂട്ടിൽ തൂണുകളുടെ നമ്പർ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലായിരിക്കും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമാണെങ്കിലും കാക്കനാട് പുതിയ റൂട്ടായാണ് കണക്കാക്കുന്നത്. അതിനാൽ നിലവിലുള്ള മെട്രോ തൂണുകളുടെ തുടർച്ചയായി ഇവ എണ്ണില്ല.

രണ്ട് പാലാരിവട്ടം
കൊച്ചി മെട്രോ റൂട്ടിൽ പാലാരിവട്ടം എന്ന പേരിൽ രണ്ട് സ്റ്റേഷനുകൾ വരുന്നുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാൻ ഇതിലൊന്നിന് പാലാരിവട്ടം ജങ്ഷൻ എന്നായിരിക്കും പേര്. നിലവിൽ പാലാരിവട്ടം എന്ന പേരിൽ ആലുവ റൂട്ടിൽ സ്റ്റേഷനുണ്ട്. അതിനാലാണ് പുതിയ റൂട്ടിൽ, പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിലുള്ള മെട്രോസ്റ്റേഷന് പാലാരിവട്ടം ജങ്ഷൻ എന്ന് പേര് നൽകിയിരിക്കുന്നത്.

മെട്രോ പാത താഴെയും മുകളിലും
കാക്കനാട് നിന്നുള്ള മെട്രോ പാത പാലാരിവട്ടം ജങ്ഷൻ സ്റ്റേഷൻ കഴിഞ്ഞ് കലൂർ ദിശയിലേക്ക് പ്രവേശിക്കുമ്പോൾ രണ്ടായി തിരിയും. ഒരു പാത നിലവിലുള്ള മെട്രോപാതയ്ക്ക് സമാന്തരമായും മറ്റൊന്ന് അതിനു മുകളിലൂടെയും കടന്നുപോകും.

മുകളിലൂടെ കടന്നുപോകുന്ന പാത സ്റ്റേഡിയം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിലേക്കും സമാന്തരമായുള്ള പാത പ്ലാറ്റ്‌ഫോം നമ്പർ രണ്ടിലേക്കും വന്നുചേരും. പാലാരിവട്ടത്ത് കുരിശുപള്ളിയുടെ ഭാഗം മുതൽ സ്റ്റേഡിയം വരെയാണ് പാത രണ്ടായി തിരിയുന്നത്.
ട്രെയിൻ ക്രോസിങ് സുഗമമാക്കുന്നതിന് ഉദ്ദേശിച്ചാണ് ഈ സജ്ജീകരണം.

കാക്കനാട് റൂട്ടിനായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ മാതൃകയിലും ഇത്തരത്തിലായിരുന്നു പാതകൾ നിർദേശിച്ചിരുന്നത്. അല്ലാത്തപക്ഷം കാക്കനാട് ഭാഗത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതിന് ആലുവയിൽ നിന്നുള്ള ട്രെയിൻ നിർത്തിയിടേണ്ടി വരും.

ഒരു പാത സമാന്തരമായും മറ്റൊന്ന് മുകളിലൂടെയുമാകുമ്പോൾ ട്രെയിൻ ഗതാഗതം സുഗമമാകുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

X
Top