
കൊച്ചി: മെട്രോയുടെ കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാംഘട്ടമായ ‘പിങ്ക് ലൈൻ’ നിർമാണം അതിവേഗം മുന്നോട്ട്. അടുത്തവർഷം ജൂണിൽ ആദ്യഘട്ട പ്രവർത്തികൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമാണം മുന്നേറുന്നത്.
നിശ്ചയിച്ച സമയത്തെക്കാള്‍ നൂറുദിവസം പുറകിലാണ് നിലവിൽ മെട്രോയുടെ നിർമാണമെന്ന് അടുത്തിടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍) എംഡി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകള്‍ അടുത്തവർഷം ജൂണ്‍ 30-നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
സമയക്രമം പാലിക്കുന്നതിന്റെ ഭാഗമായി കരാറുകാരോട് നിർമാണം വേഗത്തിലാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിർമാണം ഇതുവരെ പൂർത്തിയായി.
വയഡക്ടിനു വേണ്ടതില്‍ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളില്‍ 222 എണ്ണവുമാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തില്‍ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകള്‍ക്കായി വേണ്ടത് 360 പൈലുകളാണ്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക്, സിവില്‍സ്റ്റേഷൻ എന്നിങ്ങനെ ഏഴു സ്റ്റേഷനുകളുടെ പൈലിങ് നിലവിൽ പൂർത്തിയായിട്ടുണ്ട്.
ഇതിനിടെ കളമശ്ശേരിയിലെ കാസ്റ്റിങ് യാർഡില്‍ മെട്രോയ്ക്കാവശ്യമായ ഗർഡറുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. യു ഗർഡറുകള്‍ 58 എണ്ണം കഴിഞ്ഞു. 500 എണ്ണമാണ് യു ഗർഡറുകള്‍ ആകെ ആവശ്യമുള്ളത്.
ഐ ഗർഡർ 24 എണ്ണം പൂർത്തിയായി. 518 ഐ ഗർഡറുകളാണ് ആകെ ആവശ്യം. കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാണ് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് തുടങ്ങുക.
തുടർന്ന് പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്ബുമുക്ക്, വാഴക്കാല, പടമുകള്‍ എന്നിവിടങ്ങളിലാണ് ആദ്യ അഞ്ചു സ്റ്റേഷനുകള്‍. ഇവയുടെ നിർമാണം അടുത്തവർഷം ജൂണ്‍ 30-നകം പൂർത്തിയാക്കാനാണ് കെഎംആർഎല്‍ ഉദ്ദേശിക്കുന്നത്.
ഈ സ്റ്റേഷനുകളുടെ ആർക്കിടെക്ചർ ജോലികള്‍ക്കുള്ള ടെൻഡർ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. റോഡിന് മധ്യത്തിലൂടെയുള്ള മെട്രോ പാലം ഒരു കിലോമീറ്റർ പൂർത്തിയായാല്‍ ട്രാക്കിന്റെ ജോലികള്‍ക്കും തുടക്കമാകും.
സിവില്‍സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിങ്ങനെയുള്ള ശേഷിക്കുന്ന സ്റ്റേഷനുകളുടെ നിർമാണം 2026 ഡിസംബറിനകം പൂർത്തിയാക്കാനാണ് കെഎംആർഎല്‍ ഉദ്ദേശിക്കുന്നത്.
അടുത്തവർഷം ഡിസംബർ 31-നകം ഈ സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്റർ വരുന്നതാണ് മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ.
1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.






