
കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനുള്ള സമഗ്ര സാധ്യതാപഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കി. കഴിഞ്ഞ നവംബറിലാണ് കേന്ദ്രസർക്കാർ മറ്റുനഗരങ്ങളിൽ ഇതു നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയത്. നഗരങ്ങളും ജലമേഖലകളും സന്ദർശിച്ച് നടത്തിയ വിശദമായ പഠന റിപ്പോർട്ട് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കെ.എം.ആർ.എൽ. സമർപ്പിച്ചു.
പരിസ്ഥിതിസൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടർമെട്രോ, നഗരഗതാഗത ചരിത്രത്തിൽ പുതിയ മാതൃക സൃഷ്ടിച്ചതോടെയാണ് കേന്ദ്രസർക്കാർ രാജ്യവ്യാപകമായ സാധ്യതകൾ പരിശോധിക്കാൻ കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയത്. കൊച്ചി മാതൃകയ്ക്ക് ദേശീയതലത്തിൽ ലഭിക്കുന്ന അംഗീകാരമാണിതെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
പഠനം ഇവിടെയെല്ലാം
രാജ്യത്തെ11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 കേന്ദ്രങ്ങളിലാണ് വാട്ടർമെട്രോ സാധ്യതാപഠനം നടത്തിയത്. പഠനം പൂർത്തിയാക്കിയ പ്രധാന കേന്ദ്രങ്ങൾ: ശ്രീനഗർ, ഗുവാഹാട്ടി, തേജ്പുർ, ഡിബ്രുഗഢ്, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗളൂരു, കൊല്ലം, ആലപ്പുഴ, അന്തമാൻ. ലക്ഷദ്വീപും കൊൽക്കത്തയും ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രങ്ങളിലെ പഠനം പുരോഗമിക്കുകയാണ്.
കനാൽ, നദി, കായൽ, കടൽ തുടങ്ങിയവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജലമേഖലകളിൽ വാട്ടർമെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
ആലപ്പുഴയിൽ എട്ടു റൂട്ടുകൾ
ആലപ്പുഴയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന റൂട്ടുകൾ പഠനവിധേയമാക്കി. ആകെ 87.77 കിലോമീറ്റർ നീളമുള്ള ജലപാതയിൽ 61 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കൊല്ലത്ത് വേണ്ടിവരുക 15 ടെർമിനലുകൾ
കൊല്ലത്ത് വാട്ടർമെട്രോ പദ്ധതിക്കായി ഏകദേശം 34.85 കിലോമീറ്റർ നീളമുള്ള ജലപാതകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്.
മുംബൈയിൽ വിശദ പദ്ധതിറിപ്പോർട്ട്
മുംബൈ മെട്രപൊളിറ്റൻ മേഖലയിലുടനീളം ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർമെട്രോ ആരംഭിക്കാനുള്ള വിശദ പദ്ധതിറിപ്പോർട്ടും കെ.എം.ആർ.എൽ. മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
എട്ടുകോടിരൂപയുടെ കൺസൾട്ടൻസി വരുമാനം
നിലവിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ചും മറ്റ് പദ്ധതികളുടെ നിർവഹണത്തിന് തടസ്സം വരുത്താതെയും ഇ-കൺസൾട്ടൻസി സേവനത്തിലൂടെ എട്ടുകോടി രൂപയുടെ വരുമാനമാണ് കെ.എം.ആർ.എൽ. നേടിയത്.






