
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ കെഎംസിടി ഡെന്റല്‍ കോളേജ് നാഷണല്‍ അക്രെഡിറ്റേഷന്‍ ആന്റ് അസ്സസ്സ്‌മെന്റ് കൗണ്‍സിലിന്റെ ആദ്യ തവണ വിലയിരുത്തലില്‍ തന്നെ എ പ്ലസ് നേടുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായി. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ നാക് എ പ്ലസ് ഗ്രേഡ് നേടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലവാരവും വിലയിരുത്തുന്ന സ്വതന്ത്ര ദേശിയ ഏജൻസിയാണ് നാക്. ഈ റേറ്റിങിൻ്റെ അടിസ്ഥാനത്തിലാണ് അക്രഡിറ്റേഷനും, ധനസഹായവും യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷൻ നൽകുന്നത്.
ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്പിത സര്‍വ്വകലാശാലകള്‍ ഒഴികെ 26 സ്വതന്ത്ര കോളേജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിലാണ് ആദ്യ റൗണ്ടില്‍ തന്നെ നാക് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയതിലൂടെ കെഎംസിടി ചരിത്രനേട്ടം കൈവരിച്ചത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ പഠന-പാഠ്യേതര രംഗങ്ങളിൽ ഗുണനിലവാരത്തിന്റെ പേരില്‍ ശ്രദ്ധേയമായ കെഎംസിടി ഗ്രൂപ്പിന്റെ ഭാഗമാണ് ഡെന്റല്‍ കോളേജ്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം നൽകുമെന്ന് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോക്ടര്‍ കെഎം നവാസ് പറഞ്ഞു.
ബിഡിഎസ്സ് കോഴ്‌സിന് 100 സീറ്റുകളും, 8 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 34 എംഡിഎസ് സീറ്റുകളുമുള്ള കെഎംസിടി ഡെന്റല്‍ കോളേജ് 2006-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 2013-ലാണ് എംഡിഎസ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. കേരള ആരോഗ്യ സര്‍വകാലശാലയില്‍ അഫിലിയേറ്റു ചെയ്ത കോളേജിലെ പ്രവേശനം 100 ശതമാനവും സര്‍ക്കാർ അലോട്ട്‌മെന്റ് വഴിയാണ്. കെഎംസിടി ഗ്രൂപ്പിന് ഡെന്റല്‍ കോളേജ് കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു






