
കൊച്ചി:മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമായ കൈറ്റ്സ് സീനിയർ കെയറിന്റെ സ്പെഷ്യലൈസ്ഡ് വാർധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയർ സെൻറർ) പ്രവർത്തനം ആരംഭിച്ചു. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിൻറെ സഹ സ്ഥാപനമായ കൈറ്റ്സ് സീനിയർ കെയർ കൊച്ചി സെന്റർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജനസംഖ്യയുടെ 16.5 ശതമാനവും 60 വയസ്സിന് മുകളിലുള്ള കേരളം പോലുള്ളൊരു സംസ്ഥാനത്ത് ഇത്തരത്തിലുള്ളൊരു സ്ഥാപനം ആരംഭിക്കുന്നത് വർധക്യത്തിലെത്തിയവർക്കുള്ള ശുശ്രൂഷകളുടെ ശേഷി വർധിക്കാൻ ഇടയാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സീപോർട്ട്-എയർപോർട്ട് റോഡിൽ കാക്കനാട് സ്ഥിതി ചെയ്യുന്ന 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുനഃരധിവാസം, പാലിയേറ്റീവ്, റെസ്പൈറ്റ് കെയർ എന്നിവയുൾപ്പെടെ പൂർണ ജെറിയാട്രിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 24×7 മെഡിക്കൽ & നഴ്സിംഗ് മേൽനോട്ടം, ഉയർന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകൾ, വ്യക്തിഗത ചികിത്സാ പദ്ധതികൾ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ആയുർവേദം, വെൽനസ് സപ്പോർട്ട്, പോഷകസമൃദ്ധ ഭക്ഷണം, സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നത്തിനായി രൂപകൽപ്പന ചെയ്ത സൗകര്യങ്ങൾ എന്നിവ ഇവിടത്തെ താമസക്കാർക്ക് ഏറെ പ്രയോജനമാകും. ഡോക്ടർമാർ,നഴ്സുമാർ,ഫിസിയോതെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, പരിശീലനം ലഭിച്ച പരിചരണം നൽകുന്നവർ എന്നിവരുടെ ഒരു മൾട്ടിഡിസിപ്ലിനറി ടീമാണ് കൈറ്റ്സ് കൊച്ചിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോക്ടർമാരുടെ സന്ദർശനങ്ങളും ഓൺലൈൻ കൺസൾട്ടേഷനുകളും, നഴ്സിംഗ്, ക്രിട്ടിക്കൽ കെയർ സപ്പോർട്ട്, ഫിസിയോതെറാപ്പി, സ്പീച്ച് ആൻഡ് റെസ്പിറേറ്ററി തെറാപ്പി, സെക്കൻഡ് ഒപീനിയൻ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങൾ തുടങ്ങിയ എല്ലാവിധ ഹോം കെയർ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയും കേരളം ഈ ജനസംഖ്യാപരമായ മാറ്റത്തിൽ ഏറ്റവും മുന്നിലുള്ളതിനാലും മുതിർന്ന പൗരന്മാരുടെ പരിചരണത്തിൻറെ ആവശ്യം ഇവിടെ അടിയന്തിര പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി പറഞ്ഞു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർമാരായ എം കെ ചന്ദ്രബാബു, സി സി വിജു, അസറ്റ് ഹോംസ് എംഡി വി സുനിൽ കുമാർ, ഗൈഡ് ഹോൾഡിംഗ്സ് പാർട്ണർ ഡോ. ടി. വിനയകുമാർ, ഗ്രൂപ്പ് സഹസ്ഥാപകയും സിഒഒയുമായ ഡോ. റീമ നാദിഗ് എന്നിവർ പ്രസംഗിച്ചു.