
എന്താണ് കെഫോൺ?
ഇന്ത്യയിലെ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെഫോൺ. ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്, സാർവത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഫോൺ പദ്ധതി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്) കെഎസ്ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും.
ഇതോടൊപ്പം സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി 30,000 ത്തോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തും.
ആരാണ് കെഫോൺ ഉപഭോക്താക്കൾ?
നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ എല്ലാവരിലേക്കും ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുക എന്നതാണ് കെഫോൺ ലക്ഷ്യമിടുന്നത്. സാമ്പത്തികമായതോ ഭൂമിശാസ്ത്രപരമായതോ ആയ അതിർവരമ്പുകളൊന്നും തടസമാകാതെ തന്നെ ഇന്റർനെറ്റ് ജനങ്ങളിലേക്ക് എത്തും.
75 ലക്ഷം കുടുംബങ്ങളിലും ഇന്റർനെറ്റ് സേവനം നൽകാമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ തന്നെ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി കെഫോൺ വഴി ഇന്റർനെറ്റ് ലഭിക്കും.
മറ്റുള്ളവർക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കെഫോൺ ഉപയോഗപ്പെടുത്താവുന്നതാണ്.
കെഫോൺ ഇതുവരെ?
ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ നൂറു വീടുകള്‍ എന്ന നിലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലാകും കണക്ഷന്‍ ലഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന പട്ടികയനുസരിച്ചാണ് ഈ കുടുംബങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
26492 സര്‍ക്കാര്‍ ഓഫീസുകളിൽ കെഫോൺ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയപ്പോൾ 17,354 ഓഫീസുകളിലാണ് ഇന്റർനെറ്റ് സേവനം ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കുമെന്നും കെഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികളും പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും.
ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ.
ഐടി ഇൻഫ്രാസ്ട്രാക്ചർ നിലവിൽ?
ഗ്രാമീണ മേഖലകളിലുൾപ്പടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്ന കെഫോൺ പദ്ധതിയുടെ ജീവനാഡിയായ ഒപിജിഡബ്ല്യു (OPGW) കേബിളുകൾ 2600 കിലോമീറ്റർ ദൂരത്തിലാണ് വലിക്കാൻ നിശ്ചയിച്ചിരുന്നത്.
ഇതിൽ 2519 കിലോമീറ്റർ ദൂരത്തിലെ ജോലികൾ പൂർത്തിയായപ്പോൾ 22876 കിലോമീറ്റർ വലിക്കാൻ പദ്ധതിയിട്ടിരുന്ന എഡിഎസ്എസ് (ADSS) കേബിൾ 19118 കിലോമീറ്ററും പൂർത്തിയാക്കി.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോറെന്ന് വിശേഷിപ്പിക്കാവുന്ന സെന്റര്‍ ഹബ്ബ്. ഇവിടെ നിന്നും 376 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ വഴി കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് ലഭ്യമാകും.
നിലവിൽ 373 പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാണ്. മൂന്നെണ്ണത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. നെറ്റവർക്ക് ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റ്‌വര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റ്‌വര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റ്‌വര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്.
വേഗതയും കണക്ഷനുകളും
കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രാസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ഒപിജിഡബ്ല്യു കേബിളുകളടക്കമുള്ളവയും മറ്റ് ഐടി ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
20 എംബിപിഎസ് (സെക്കൻഡിൽ 20 എംബി) വേഗതയിൽ മുതൽ ഉപഭോക്താക്കൾക്ക് കെഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത 1 ജിബിപിഎസ് (സെക്കൻഡിൽ ഒരു ജിബി) വർധിപ്പിക്കാനും സാധിക്കും.
സംസ്ഥാനത്ത് നിലവിലുള്ള ടെലികോം ഇക്കോസിസ്റ്റം പൂർത്തീകരിക്കുകയും കേരളത്തെ ഒരു ഗിഗാബിറ്റ് സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള മികച്ച ഉൽപ്രേരകമായി പ്രവർത്തിക്കുകയും ചെയ്യും.
വരുമാനം എങ്ങനെ?
സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് സേവന പദ്ധതിയെന്നതിലുപരിയായി വിപുലമായ വരുമാന പദ്ധതികളുമായാണ് കെഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നത്. കെ-ഫോൺ ഒരു സേവന ദാതാവല്ല, മറിച്ച് ‘വെണ്ടർ ന്യൂട്രൽ’ ഫൈബർ നെറ്റ് വർക്കാണ്.
അതിനാൽത്തന്നെ സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് ബൃഹ്ത്തായ നെറ്റ് വർക്ക് ലക്ഷ്യമിടുകയും, അതുവഴി സേവനദാതാക്കളിൽ നിന്ന് പാട്ടം ഇനത്തിൽ കെഫോണിലേക്ക് വരുമാനം കണ്ടെത്താനും കഴിയും. സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്ന ഡാര്‍ക്ക് ഫൈബറായിരിക്കും ഇത്തരത്തിൽ പാട്ടത്തിന് നൽകുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകളും മള്‍ട്ടിപ്രോട്ടോകോള്‍ ലേബല്‍ സ്വിച്ചിങ്ങ് (എം.പി.എല്‍.എസ്) നെറ്റ്‌വര്‍ക്കും നല്‍കുക തുടങ്ങിയ വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിന് പുറമേ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വര്‍ക്കും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്.
ഏകദേശം 14,000 റേഷൻ കടകൾ, 2,000-ലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ കണക്ഷൻ നൽകുന്നതിലൂടെ വരുമാനം കണ്ടെത്താമെന്നാണ് വിലയിരുത്തുന്നത്.
കൺസോർഷ്യത്തിൽ ആരെല്ലാം?
കെഎസ്ഐടിഐഎൽ മുന്നോട്ടുവെച്ച നിബന്ധനകൾക്ക് വിധേയമായി യോഗ്യരായ മൂന്ന് ബിഡർമാരിൽ നിന്നും കൃത്യമായ ടെൻഡർ പ്രക്രിയയ്ക്ക് ശേഷമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തെ തിരഞ്ഞെടുത്തത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് പുറമെ റെയിൽടെൽ, എസ്ആർഐടി, എൽഎസ് കേബിൾ എന്നിവയും അടങ്ങുന്നതാണ് കൺസോർഷ്യം. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് ആസൂത്രണം, നിർവഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് എന്നിവയുടെ ഉത്തരവാദിത്വം.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ എല്ലാ ഐടി ഘടകങ്ങളുടെയും വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
കെഫോണിൽ എസ്ആർഐടി?
എഡിഎസ്എസ് കേബിൾ സ്ഥാപിക്കൽ, ഐടി ഇതര ജോലികൾ, എൻഒസി സേവനങ്ങൾ, നടപ്പാക്കൽ എന്നിവയുടെ ഉത്തരവാദിത്തമാണ് എസ്ആർഐടിക്കുള്ളത്.
എസ്ആർഐടി റെയിൽടെലിനായി നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ പരിപാലിക്കുന്നു. മാനേജ്ഡ് സർവീസ് പ്രൊവൈഡർ കൂടിയാണ് എസ്ആർഐടി.
കൊഫോണിന് ട്രായി ലൈസൻസ് ലഭിച്ചിട്ടുണ്ടോ?
ടെലികോം മന്ത്രാലയത്തിന് കീഴിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് കെഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്റെ ഐപി-1 സർട്ടിഫിക്കേഷനും ഐഎസ്പി ബി ലൈസൻസും കെഫോണിന് ലഭിച്ചിട്ടുണ്ട്.
ട്രായിയുടെ കീഴിൽ വരുന്നതുകൊണ്ട് തന്നെ കൃത്യമായ ഉപഭോക്തൃ വിവരങ്ങൾ കൈമാറിയ ശേഷം മാത്രമായിരിക്കും കണക്ഷൻ നൽകുക.
എന്തുകൊണ്ട് ഇത്രയും കാലതാമസം നേരിട്ടു?
2019ൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് തടസപ്പെട്ടതാണ് പ്രധാനമായും പദ്ധതി വൈകാനുള്ള കാരണം.
ഇതോടൊപ്പം ദേശീയ പാത വികസന പ്രവർത്തനങ്ങളും കെഫോൺ പദ്ധതി കൃത്യസമയത്ത് പൂർത്തികരിക്കുന്നതിൽ തടസം സൃഷ്ടിച്ചു. ദേശീയ പാത വീതികൂട്ടന്നതിന്റെ ഭാഗമായി പല പദ്ധതി പ്രദേശങ്ങളിലും കെഫോൺ ഇൻസ്റ്റാളേഷൻ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
എന്നാൽ ഈ പ്രദേശങ്ങളിലും അതിവേഗം കണക്ഷൻ നൽകാൻ കഴിയുന്ന രീതിയിലാണ് ഇതുവരെയുള്ള ജോലികൾ പൂർത്തികരിച്ചിരിക്കുന്നത്.
5 ജിയുടെയും സാറ്റ്ലൈറ്റ് ഇന്റർനെറ്റിന്റെയും കാലഘട്ടത്തിൽ കെഫോണിന്റെ പ്രസക്തി?
4G/5G പോലെയുള്ള ബാൻഡ്‌വിഡ്‌ത്തിലെ സ്പീഡ് മെച്ചപ്പെടുത്തലുകൾക്ക് ഏകദേശം 100 മീറ്റർ അകലത്തിലുള്ള ടവറുകൾ/ചെറിയ സെല്ലുകൾ ആവശ്യമാണ്. മെച്ചപ്പെട്ട നെറ്റ്‌വർക്ക് പ്രകടനത്തിന് ഈ ടവറുകളുടെ ഫൈബറൈസേഷൻ നിർണായകമാണ്.
ടെലികോം ടവർ നയത്തിലെ വ്യവസ്ഥകൾ പ്രകാരം, കമ്പനികൾക്ക് സർക്കാർ സ്ഥലങ്ങളിൽ ടവറുകൾ സ്ഥാപിക്കാൻ തിരഞ്ഞെടുക്കാം, കൂടാതെ ഈ പരിസരങ്ങളിൽ ലഭ്യമായ കെഫോൺ നെറ്റ്‌വർക്ക് ഉപയോഗിച്ച് അവയെ ഫൈബർ ചെയ്യാനും കഴിയും.
കെഫോണ്‍ കണക്ഷന് എങ്ങനെ അപേക്ഷിക്കാം?
ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ കെഫോണ്‍ മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും.
ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ച് പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ കണക്ഷന്‍ നല്‍കാന്‍ ചുമതലപ്പെടുത്തും.
സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്.എ.ക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.