
കൊച്ചി: പോയ സാമ്പത്തിക വർഷം കേരളത്തിൽ തേയില, കാപ്പി ഉൽപാദനം 1,45,370 ടൺ. 35,697 ഹെക്ടറിലായി 57,290 ടൺ തേയിലയും 85,957 ഹെക്ടറിൽ 88,080 ടൺ കാപ്പിയുമാണ് ഉൽപാദിപ്പിച്ചത്.
രാജ്യത്തിന്‍റെ മൊത്തം തേയില ഉൽപാദനത്തിൽ 4.4 ശതമാനവും കാപ്പി ഉൽപാദനത്തിൽ 23.7 ശതമാനവുമാണ് കേരളത്തിന്‍റെ വിഹിതം. കൊച്ചിയിൽ ശനിയാഴ്ച സമാപിച്ച അന്താരാഷ്ട്ര ടീ കൺവെൻഷനിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവയുടെ സാമ്പത്തിക വളർച്ചയിൽ തോട്ടം മേഖല നിർണായക പങ്കുവഹിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിൽതന്നെ കേരളമാണ് മുന്നിൽ. രാജ്യത്തെ റബർ ഉൽപാദനത്തിൽ 71 ശതമാനവും കേരളത്തിലാണ്.
തേയിലയുടെ 13 ശതമാനം തമിഴ്നാടും കാപ്പിയുടെ 71 ശതമാനം കർണാടകയും ഉൽപാദിപ്പിക്കുന്നു. രാജ്യത്തെ മൊത്തം തേയില ഉൽപാദനത്തിന്‍റെ ആറിലൊന്ന് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്.
സ്വാഭാവിക റബറിന്‍റെ നാലിൽ മൂന്നും കാപ്പിയുടെ അഞ്ചിൽ നാലും ഈ സംസ്ഥാനങ്ങളുടെ സംഭാവനയാണ്. തോട്ടം മേഖലയിലെ കർഷകരിൽ 63 ശതമാനവും തൊഴിലാളികളിൽ 47 ശതമാനവും ദക്ഷിണേന്ത്യയിലാണ്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 12.5 ലക്ഷം കർഷകർ 11.9 ലക്ഷം ഹെക്ടറിൽ തോട്ടവിള കൃഷി ചെയ്യുന്നു. രാജ്യത്തെ തോട്ടം മേഖലയുടെ 58 ശതമാനം ഈ സംസ്ഥാനങ്ങളിലാണ്. 2024-25ൽ 5,75,005 ഹെക്ടറിലായി 6,24,750 ടൺ റബറും 40,345 ഹെക്ടറിലായി 18,310 ടൺ ഏലവും കേരളം ഉൽപാദിപ്പിച്ചു.