തൃശൂർ: സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വുമായി പുതു സംരംഭം. കേരളത്തിലെ ആദ്യ ക്രെയിന്‍ നിര്‍മ്മാണശാല തൃശ്ശൂര്‍ മതിലകത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
ലീവേജ് എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രക്ക് മൗണ്ടഡ് ക്രെയിന്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചതിലൂടെ മാനുഫാക്ചറിങ്ങ് മേഖലയില്‍ വലിയ കുതിപ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
12 ഏക്കറില്‍ ആരംഭിക്കുന്ന പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ 300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്.
ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് നേരിട്ടും 200 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്ന കമ്പനിയില്‍ വിപുലീകരണഘട്ടത്തില്‍ തൊഴിലവസരങ്ങളിലും ഗണ്യമായ വര്‍ധനയുണ്ടാകും.
നിര്‍മാണ കമ്പനികള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കപ്പല്‍ശാലകള്‍ എന്നിവയ്ക്ക് പ്രയോജനകരമാകുന്ന ഉല്‍പ്പന്നങ്ങളായിരിക്കും ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുക.
കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന ഈ സംരംഭം യൂറോപ്പിലേക്കും മറ്റ് വിവിധ രാജ്യങ്ങളിലേക്കും ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ലക്ഷ്യമിടുന്നുണ്ട്.
സാറ്റോ എന്ന ബ്രാന്റ് ആയി രംഗത്തിറക്കുന്ന ട്രക്കുകളിലെ ക്രെയിന്‍ നിര്‍മ്മാണത്തിനൊപ്പം അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണവും കമ്പനി ലക്ഷ്യമിടുന്നു.
നിര്‍മാണമേഖലയില്‍ അന്താരാഷ്ട പ്രശസ്തിയാര്‍ജിച്ച സീ ഷോര്‍ ഗ്രൂപ്പിന്റെ സാങ്കേതിക സഹായം ലീവേജ് എന്‍ജിനീയറിങ് കമ്പനിക്കുണ്ട്.