
കൊച്ചി: കേരള സംസ്ഥാന നിര്‍മിതി കേന്ദ്രത്തില്‍ ത്രീഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ കെട്ടിട നിര്‍മാണം ആരംഭിക്കുന്നു. മദ്രാസ് ഐഐടി യുടെ ഡീപ്പ് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്വസ്റ്റ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം.
ഇതിന്റെ ഭാഗമായി 3ഡി പ്രിന്റ് ചെയ്ത ഡെമോ ഘടന തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റെവന്യൂ മന്ത്രി കെ രാജന്‍ അനാവരണം ചെയ്തു. വെറും 10 ദിവസത്തിനുള്ളില്‍ ഡെമോ ഹൗസ് ‘റോബോട്ടിക് ആം പ്രിന്റര്‍’ വഴി നിര്‍മ്മിക്കുകയും അതേ പ്രിന്റര്‍ ഉപയോഗിച്ച് ആദ്യമായി ഒരു ഹൈബ്രിഡ് 3ഡി പ്രിന്റിംഗ് രീതി ചിത്രീകരിക്കുകയും ചെയ്യും. കെട്ടിട നിര്‍മാണത്തിന്റെ ഓഫ്‌സൈറ്റ് പ്രിന്റിങ് പൂര്‍ത്തിയായി,ഓണ്‍സൈറ്റ് പ്രിന്റിങ് ആരംഭിച്ചു.
”ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിര്‍മ്മാണത്തില്‍ മുന്‍നിര സംഘടനയായ കേരള സ്‌റ്റേറ്റ് നിര്‍മിതി കേന്ദ്രവുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നു ട്വസ്റ്റ മാനുഫാക്ചറിംഗ് സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ വി എസ് പറഞ്ഞു.
ഈ സഹകരണത്തിലൂടെ, നിര്‍മ്മാണ 3ഡി പ്രിന്റിംഗിന്റെ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്നും ആദിത്യ വി എസ് പറഞ്ഞു.
മദ്രാസ് ഐഐടിയുടെ വിദ്യാര്‍ത്ഥി ആരംഭിച്ച ട്വസ്റ്റ ഏഴ് വര്‍ഷമായി ത്രീഡി പ്രിന്റിങ് ടെക്‌നോളജി വ്യവസായത്തില്‍ ഉണ്ട്. ഇന്ത്യയിലുടനീളം 5,000 ചതുരശ്ര അടിയില്‍ ത്രീഡി പ്രിന്റഡ് നിര്‍മ്മാണം ട്വസ്റ്റ പൂര്‍ത്തിയാക്കി.