
തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം തുടങ്ങിയ പതിവുചെലവുകൾക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി 2,000 കോടി രൂപയാണ് 29ന് എടുക്കുക.
26 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ഇത്തവണ കേരളം കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതോടെ നടപ്പുവർഷത്തെ (2025-26) ആദ്യ 4 മാസംകൊണ്ടുമാത്രം കേരളമെടുക്കുന്ന കടം 17,000 കോടി രൂപയാകും.
നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ശമ്പളം-പെൻഷൻ വിതരണം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികച്ചെലവുകൾ എന്നിവയ്ക്കായാണ് കേരളം പ്രധാനമായും കടത്തെ ആശ്രയിക്കുന്നത്.
ഓരോ മാസവും സർക്കാരിന്റെ വരവും ചെലവും പരിഗണിച്ചാൽ ശരാശരി 3,000 കോടി രൂപ അധികമായി കണ്ടെത്തണം.
നടപ്പുവർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രത്തിന്റെ ‘താൽക്കാലിക’ അനുമതിയോടെ കേരളം 4,000 കോടി രൂപ കടമെടുത്തിരുന്നു. ഇതും കൂടി ചേരുന്നതാണ് 29,529 കോടി രൂപയെന്ന പരിധിയെങ്കിൽ കേരളത്തിനത് വൻ തിരിച്ചടിയാകും.
ഓണക്കാല ചെലവുകൾ കൂടി മുന്നിലുണ്ടെന്നത് സംസ്ഥാന സർക്കാരിന് വൻ വെല്ലുവിളിയുമാണ്. ഓണക്കാലത്തേക്കുള്ള ചെലവുകൾക്കായി മാത്രം 5,000 കോടി രൂപയെങ്കിലും കടംതേടേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) വരെയുള്ള കണക്കനുസരിച്ച് കേരളത്തിന്റെ ആകെ കടബാധ്യത 4.71 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ഇതു 4.8 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്.
കേരളം മാത്രമല്ല, ദാ ഇവരുമുണ്ട്!
ജൂലൈ 29ന് കേരളത്തിന് പുറമെ മറ്റ് 11 സംസ്ഥാനങ്ങളും കൂടിച്ചേർന്ന് ആകെ 30,000 കോടി രൂപയാണ് കടമെടുക്കുന്നത്. കണക്ക് ഇങ്ങനെ: (തുക കോടി രൂപയിൽ)
∙ അസം : 500
∙ ഹരിയാന : 2,000
∙ ഹിമാചൽ പ്രദേശ് : 1,000
∙ മധ്യപ്രദേശ് : 4,000
∙ കേരളം : 2,000
∙ മഹാരാഷ്ട്ര : 4,000
∙ ഒഡിഷ : 1,500
∙ പഞ്ചാബ് : 2,500
∙ രാജസ്ഥാൻ : 5,000
∙ തമിഴ്നാട് : 3,000
∙ തെലങ്കാന : 3,500
∙ ഉത്തരാഖണ്ഡ് : 1,000