
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രമെഴുതി സംസ്ഥാന ബജറ്റ്. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നതപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.
നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1000 രൂപ വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണനകൾക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനായെന്ന് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.




