അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

രാജ്യത്തെ എഐ സിരാകേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

  • ദ്വിദിന രാജ്യാന്തര ജെന്‍ എഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജെന്‍ എഐയുടെ രാജ്യത്തെ സിരാകേന്ദ്രമായി മാറാന്‍ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി(എഐ)ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.  
ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെന്‍ എഐ ഹബ്ബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോണ്‍ക്ലേവ്. ജെന്‍ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തിന്‍റെ പുതിയ വ്യാവസായിക നയത്തില്‍ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയില്‍ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം.

സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തില്‍ എഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലനം നല്‍കിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ മേഖലകളിലും അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയായുള്ള കേരളത്തിന്‍റെ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുകയാണ് ജെന്‍ എഐ കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലും രാജ്യത്തും എഐ വ്യവസായങ്ങളിലെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി സമ്മേളനം മാറും.
പരമ്പരാഗത തൊഴിലവസരങ്ങള്‍ എഐ ഇല്ലാതാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യവസായ മേഖലയുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ജെന്‍ എഐ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിലുകള്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് എഐ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ എഐ കൂടുതല്‍ സജീവമാക്കും. എഐ വൈദഗ്ധ്യത്തിലൂടെ തൊഴില്‍ വിപണിയില്‍ സംസ്ഥാനത്തിന്‍റെ പ്രസക്തിയും മത്സരക്ഷമതയും ഉറപ്പാക്കാന്‍ സാധിക്കണം. ഈ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എഐയെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും എഐ  ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് 80,000 അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തത്. സര്‍വ്വകലാശാലാ സിലബസുകളും പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളം നല്‍കുന്ന അവസരങ്ങള്‍ ആരായാന്‍ എഐ മേഖലയിലെ കമ്പനികളെയും നിക്ഷേപകരെയും മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു.
വിവിധ സാങ്കേതിക മേഖലകളിലെ വിദഗ്ധരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 4500 പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്ത് നേരിട്ടും ഓണ്‍ലൈനായും സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എംഎ യൂസഫലി മുഖ്യാതിഥി ആയിരുന്നു. ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി, ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, ഐബിഎം സോഫ്റ്റ് വെയര്‍ പ്രൊഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്, കുസാറ്റ് വൈസ് ചാന്‍സലര്‍ പിജി ശങ്കരന്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഡെവലപ്പര്‍മാര്‍, വ്യവസായ പ്രമുഖര്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ഥികള്‍, മാധ്യമങ്ങള്‍, അനലിസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎമ്മിന്‍റെ പങ്കാളികള്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എഐയുമായി ബന്ധപ്പെട്ട സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, ഡെമോകള്‍, ആക്ടിവേഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവ കോണ്‍ക്ലേവില്‍ നടക്കും. എഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും വിവിധ എഐ അധിഷ്ഠിത കമ്പനികളുടെ സാങ്കേതിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

X
Top