
തിരുവനന്തപുരം: സര്ക്കാരിന്റെ നേട്ടങ്ങള് കൂടുതല് ജനങ്ങളിലേക്കെത്തിക്കാന് മേഖലാ അവലോകന യോഗങ്ങള് തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
നാലു മേഖലാ യോഗങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗം ആരംഭിച്ചു. 29ന് തൃശ്ശൂര് ജില്ലയിലും ഒക്ടോബര് 3ന് എറണാകുളത്തും 5ന് കോഴിക്കോടും യോഗം നടക്കും.
മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും യോഗത്തിലുണ്ടാകും. കളക്ടര്മാരും വകുപ്പ് മേധാവികളും ഉയര്ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. തിരുവനന്തപുരം മേഖല സമ്മേളനത്തിലെ തീരുമാനങ്ങള് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വിശദീകരിച്ചു.
അതിദാരിദ്യ നിര്മാര്ജനം, ലൈഫ്, ആര്ദ്രം, വിദ്യാകിരണം, ഹരിത കേരളം മിഷനുകളുടെ പ്രവര്ത്തനം, ദേശീയ പാത നിര്മാണം, മലയോര ഹൈവേ, തീരദേശപാത, പ്രധാന പൊതുമരാമത്ത് പദ്ധതികള്, കോവളം-ബേക്കല് ഉള്നാടന് ജലഗതാഗതം, മാലിന്യമുക്ത കേരളം പദ്ധതികളുടെ പുരോഗതി എന്നിവ മേഖലാ യോഗത്തില് വിശകലനം ചെയ്യും. ഓരോ ജില്ലയുടേയും പ്രശ്നങ്ങള് പരിശോധിക്കും.
തടസ്സപ്പെട്ടും പുരോഗതിയില്ലാത്തതുമായ പദ്ധതികള് ചര്ച്ച ചെയ്യും. ജില്ലാതലത്തില് പരിഹരിക്കേണ്ടവ അവിടേയും സംസ്ഥാന തലത്തില് പരിഹാരം കണ്ടത്തേണ്ടവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരിഹാരം കണ്ടെത്തും.
പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കാനുള്ള നടപടികള് സ്വീകരിക്കും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികള്ക്ക് അതിനുള്ള നടപടിയും സ്വീകരിക്കും.
മേഖലാ അവലോകനയോഗങ്ങളിലേക്കായി ജില്ലാ തലങ്ങളില് 265 വിഷയങ്ങള് കണ്ടെത്തി. ഇതില് 241 എണ്ണം ജില്ലകളില് തന്നെ പരിഹാരം കണ്ടെത്തി.
703 വിഷയങ്ങളാണ് സംസ്ഥാന തലത്തില് പരിഹരിക്കേണ്ടവ. തിരുവനന്തപുരം മേഖലാ യോഗത്തില് മൂന്ന് ജില്ലകളുടെ വിഷയങ്ങള് പരിഗണിച്ചു. പൊതുപരിപാടികളില് മാലിന്യനിര്മാര്ജനത്തിനായി പ്രതിജ്ഞ ചൊല്ലും.
മാലിന്യനിര്മാര്ജന അവബോധം നല്കാന് നടപടികള് സ്വീകരിക്കും. 2025 നവംബര് 1-ന് മുമ്പായി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കും. 2024 നവംബര് 1-ന് മുമ്പായി 93% പേരയും അതിദരിദ്രാവസ്ഥയില് നിന്ന് മോചിപ്പിക്കും.
മുതലപ്പൊഴിയില് ഡ്രൈഡ്ജിങ് വേഗത്തില് പൂര്ത്തിയാക്കും. പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് അടിഞ്ഞുകിടക്കുന്ന മണ്ണ് വടക്കുഭാഗത്തേക്ക് സാന്ഡ് ബൈപ്പാസിങ് വഴി നീക്കം ചെയ്യാനുള്ള നടപടികള് അതിവേഗം പൂര്ത്തിയാക്കണം എന്ന് തീരുമാനിച്ചു.
കോവളം- ബേക്കല് ജലപാതയുടെ തിരുവനന്തപുരത്തെ പ്രവര്ത്തന പുരോഗതി പരിശോധിച്ചു. പ്രശ്നങ്ങള് പരിഹരിച്ച് പദ്ധതി ഉടനെ യാഥാര്ഥ്യമാക്കാന് സാധിക്കും.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭയാകെ പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ബഹുജന സദസ്സും പരിപാടിയുടെ ഭാഗമായി ഉണ്ടാവും.
നവംബര് 18 മുതല് ഡിസംബര് 14 വരെ പരിപാടി. മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. എം.എല്.എമാരായിരിക്കും നേതൃത്വം വഹിക്കുക. സെപ്റ്റംബറില് തന്നെ സംഘാടക സമിതിയുണ്ടാക്കും.
സംസ്ഥാന ചുമതല ചീഫ് സെക്രട്ടറിയും സംസ്ഥാനതല കോ-ഓര്ഡിനേറ്ററായി പാര്ലമെന്ററി കാര്യമന്ത്രിയുമായിരിക്കും. 41 വേദികളിലായി അരങ്ങേറും. 19 എക്സിബിഷനുകള് ഉണ്ടാവും.