
കേരളം എന്നും ‘സുഗന്ധവ്യഞ്ജനങ്ങളുടെ നാട്’ എന്ന് കൂടിയാണ് അറിയപ്പെടുന്നത്. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പു, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ മണം മലയാള നാടിന്റെ കാറ്റില്‍ ഇടകലര്‍ന്നിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് റോമന്‍, അറേബ്യന്‍, ചൈനീസ്, പിന്നീട് പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളും മലയാള നാടിന്റെ തീരങ്ങളിലേക്കെത്തിയത് ഈ സുഗന്ധവ്യഞ്ജനങ്ങള്‍ക്കായായിരുന്നു. കേരളത്തിന്റെ സുഗന്ധവ്യഞ്ജന വ്യവസായം ലോക വ്യാപാരത്തിലെ സുപ്രധാനിയാണ്. കേരളമാണ് ഇന്ത്യയിലെ കുരുമുളക് ഉത്പാദനത്തിന്റെ ഏകദേശം 45 ശതമാനം സംഭാവന ചെയ്യുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയും പ്രോസസ്സിംഗും ചേര്‍ന്ന് സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നാഡിയായി സുഗന്ധവ്യഞ്ജനങ്ങള്‍ മാറിയിരിക്കുന്നു. ആയിരക്കണക്കിന് ചെറിയ കര്‍ഷകരും തൊഴിലാളികളും സഹകരണ സംഘങ്ങളും ഈ മേഖലയിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികള്‍ സംസ്ഥാന സുഗന്ധവ്യഞ്ജന വ്യവസായത്തെ ആഗോള ഭൂപടത്തില്‍ എത്തിച്ചിട്ടുണ്ട്. എറണാകുളത്തെ പ്ലാന്റ് ലിപ്പിഡ്‌സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന എ ക്‌സ്ട്രാക്റ്റ് നിര്‍മാതാക്കളിലൊന്നാണ്. കുരുമുളക്, ഏലം, മഞ്ഞള്‍ തുടങ്ങിയവയുടെ ഓലിയോറെസിനുകളും എസ്സന്‍ഷ്യല്‍ ഓയിലുകളും ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നു. സിന്തൈറ്റ്, ഈസ്റ്റേണ്‍,മൂലന്‍സ് തുടങ്ങിയ കമ്പനികള്‍ കേരളത്തിന്റെ പരമ്പരാഗത രുചികളെ പായ്ക്ക് ചെയ്ത് ലോകത്തിന്റെ അടുക്കളകളിലേക്ക് എത്തിച്ച സ്ഥാപനങ്ങളാണ്. ആലുവയിലെ കാന്‍കോര്‍ ഇന്‍?ഗീഡിയന്റ്‌സ് പ്രകൃതിദത്ത നിറങ്ങളും സുഗന്ധവ്യഞ്ജന എക്‌സ്ട്രാക്റ്റുകളും ഉത്പാദിപ്പിച്ച് ആഗോള ഭക്ഷ്യ രംഗത്തും ഫാര്‍മസ്യൂട്ടിക്കല്‍ വിപണികളിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
ഈ സ്ഥാപനങ്ങള്‍ സംസ്ഥാന സുഗന്ധവ്യഞ്ജന മേഖലയ്ക്ക് മൂല്യവര്‍ധനയും തൊഴില്‍ സാധ്യതകളും സൃഷ്ടിച്ചു. വിദേശ നാണ്യ വരുമാനം വര്‍ധിപ്പിക്കുകയും ചെറു കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്ത ഈ വ്യവസായം, സംസ്ഥാന സമ്പദ്വ്യവസ്ഥയില്‍ ദൃഢമായ പാദമുറപ്പിച്ചിരിക്കുന്നു. വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സര്‍ക്കാര്‍ പിന്തുണയും അടിസ്ഥാനസൗകര്യ വികസനവും നിര്‍ണായകമായ പങ്ക് വഹിച്ചു. ഇടുക്കിയിലെ പുട്ടാടി സ്‌പൈസ് പാര്‍ക്കുകളും വയനാടിലെ പ്രോസസ്സിംഗ് ക്ലസ്റ്ററുകളും കയറ്റുമതി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. കേരളത്തിലെ കമ്പനികള്‍ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങളും ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനുകളും സ്വീകരിച്ചുവെന്നതാണ് ഈ മേഖലയെ കൂടുതല്‍ ശക്തമാക്കുന്നത്. കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ ഇന്ന് പരമ്പരാഗത കൃഷിയുടെ പ്രതീകമല്ല; സാങ്കേതികവിദ്യയും ആധുനികതയും ചേര്‍ന്ന നവീന വ്യവസായത്തിന്റെ അടയാളമാണ്. പാരമ്പര്യവും പുരോഗതിയും കൈകോര്‍ക്കുന്ന ഈ യാത്ര സംസ്ഥാന സമ്പദ്വ്യവസ്ഥയിലും അതിന്റെ അഭിമാനത്തിലും പുതിയ നിറവും മണവും പകരുകയാണ്.






