
- ഓണക്കാലമായതിനാൽ ഉടൻ തീരുമാനം വേണമെന്നാവശ്യം
തിരുവനന്തപുരം: കേരളത്തിന് അർഹമായ 11,200.57 കോടി രൂപകൂടി വായ്പയെടുക്കാൻ അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ സന്ദർശിച്ച് ആവശ്യപ്പെട്ടു.
ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സില്‍ (ഐജിഎസ്ടി) വെട്ടിക്കുറച്ച 965.16 കോടിരൂപയും അനുവദിക്കണം. ഓണക്കാലത്ത് വൻതോതില്‍ പണച്ചെലവുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.
സംസ്ഥാനം ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിച്ച സാഹചര്യത്തില്‍, അതില്ലെന്ന പേരില്‍ കുറച്ച 3323 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയപാതാ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കേരളം 6000 കോടി നല്‍കിയിരുന്നു. ഇതിന് തുല്യമായ തുക വായ്പയെടുക്കാൻ ഈ വർഷംതന്നെ അനുവദിക്കണമെന്നാണ് മറ്റൊരു ആവശ്യം.
ആഭ്യന്തരവരുമാനം കണക്കാക്കിയതിലെ വ്യത്യാസംകാരണം 2023-24-ല്‍ 1877.57 കോടി രൂപകൂടി വായ്പ എടുക്കുന്നത് കേന്ദ്രം അംഗീകരിച്ചിരുന്നു. അതും ഇതുവരെയും എടുക്കാൻ അനുവദിച്ചിട്ടില്ല. കേന്ദ്രം തിരികെ പിടിച്ച ഐജിഎസ്ടി വിഹിതമായ 965.16 കോടി രൂപയും സംസ്ഥാനം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം സ്വന്തം ശ്രമങ്ങള്‍കൊണ്ട് സാമ്ബത്തികസ്ഥിതി മെച്ചപ്പെടുത്തിയതായി ബാലഗോപാല്‍ പറഞ്ഞു. കടവും ആഭ്യന്തരവരുമാനവും തമ്മിലുള്ള അനുപാതം 2020-21-ലെ 38.47 ശതമാനത്തില്‍നിന്ന് 34.13 ശതമാനമായി കുറഞ്ഞെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.