
കേരളം, രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനം
പോത്താനിക്കാട് എന്ന സ്ഥലപ്പേര് കേട്ടാല്‍ ആദ്യം ഒരു പന്തികേട് തോന്നാം. പക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒരു സ്ഥലമാണത്. സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച പഞ്ചായത്ത്. തുടര്‍ന്ന് കോട്ടയം നഗരസഭ, പിന്നീട് എറണാകുളം ജില്ല. പിന്നെ കേരളം മുഴുവന്‍. കേരളത്തെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിര്‍ത്തുന്ന ഏറ്റവും വലിയ നേട്ടമാണ് സമ്പൂര്‍ണ സാക്ഷരത. 1991 ഏപ്രില്‍ 18-ന് ഈ ബഹുമതി നാം സ്വന്തമാക്കി.
തുടര്‍ന്നും അറിവിന്റെ വെളിച്ചം അണഞ്ഞുപോകാതെ കാത്തതില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 1998 മുതല്‍ സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ഈ മിഷന്‍, അടിസ്ഥാന സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തുടര്‍ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഒരു പ്രസ്ഥാനമായി വളര്‍ന്നു. അടിസ്ഥാനപരമായി എഴുതാനും വായിക്കാനുമുള്ള കഴിവ് എന്നതിലുപരി, ജീവിത നിലവാരം ഉയര്‍ത്താനും നൈപുണ്യ വികസനത്തിനുമുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് മിഷന്റെ ലക്ഷ്യം. 1951-ല്‍ 47% ആയിരുന്ന കേരളത്തിലെ സാക്ഷരത. ഇന്നത് 97% . ഒരിക്കല്‍ പോലും കേരളം ആ ഒന്നാം സ്ഥാനം കൈവിട്ടിട്ടില്ല. ഒരു വിജ്ഞാന സമ്പദ്ഘടനയ്ക്ക് അങ്ങനെയാണ് നമ്മള്‍ അടിത്തറയിട്ടത്. സാക്ഷരതാ പ്രസ്ഥാനം കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വായനശാലകളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും കൂട്ടായി ഒരേ ലക്ഷ്യത്തിനായി അക്ഷീണം പരിശ്രമിച്ചു.
പഠനം ആവേശമായി കേരളം മുഴുവന്‍ ഏറ്റെടുത്തു. കേവല സാക്ഷരത കൊണ്ട് അവസാനിപ്പിക്കാവുന്നതല്ല ഈ പ്രക്രിയ എന്ന ഉറച്ച ബോധ്യം അതിനു നേതൃത്വം കൊടുത്തവര്‍ക്ക് ഉണ്ടായിരുന്നു. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവര്‍ക്കും, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കും ഒരു രണ്ടാം അവസരം നല്‍കുന്നതിനായി മിഷന്റെ തുല്യതാ പഠന പരിപാടികള്‍ പിന്നീട് ആരംഭിച്ചു. നാലാം തരം, ഏഴാം തരം, പത്താം തരം, ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) എന്നീ തലങ്ങളില്‍ തുല്യതാ കോഴ്‌സുകള്‍ ആരംഭിച്ചു. 2016-2020 കാലയളവില്‍ മാത്രം 1,35,608 പേരാണ് തുല്യതാ കോഴ്‌സുകളിലൂടെ വിജയം കൈവരിച്ചത്. 75-ാം വയസ്സിലും പ്ലസ് ടു തുല്യത വിജയിച്ചവരും, 105 വയസ്സില്‍ തുല്യതാ കോഴ്‌സില്‍ പങ്കെടുത്ത ഭാഗീരഥിയമ്മയെപ്പോലുള്ളവരും ഈ പ്രസ്ഥാനത്തിന്റെ വിജയ പ്രതീകങ്ങളാണ്.
അടിസ്ഥാന സാക്ഷരതയില്‍ നിന്ന് മിഷന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റല്‍ സാക്ഷരതയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജി കേരളം പദ്ധതിയില്‍ 14 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവരെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ ലക്ഷ്യമിടുന്നു. ഈ പദ്ധതിയിലൂടെ ഇതുവരെ 21.88 ലക്ഷത്തിലധികം പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം നല്‍കി; അതില്‍ 99.98% പേര്‍ മൂല്യനിര്‍ണയത്തില്‍ വിജയിച്ചു. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.






