അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

കേരളം ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം

തിരുവനന്തപുരം: ഭരണ സംവിധാനത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഡിജിറ്റല്‍ സംസ്ഥാനമാകാനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളജനതയെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിലെ സുപ്രധാന കാല്‍വയ്പാണിത്.

ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരന്‍മാര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതു മാത്രമല്ല, നാടിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണം. അതിനുവേണ്ട ഇടപെടലുകള്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇ-ഗവേണന്‍സ് ചെയ്യുന്നത്. ഇത് നവകേരള സൃഷ്ടിക്ക് സുശക്തമായ അടിത്തറ പാകുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇ-ഗവേണിംഗ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ഇ-സേവനം പോര്‍ട്ടല്‍ എന്ന പേരില്‍ ഏകജാലക സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. തൊള്ളായിരത്തോളം സേവനങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന ലഭ്യമാണ്.

ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു.

കേരളം ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്കെത്തുമെന്ന് ആമുഖഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു.

സമസ്ത മേഖലയിലും ഇ-ഗവേണന്‍സിലൂടെയുള്ള മാറ്റം പ്രതിഫലിക്കുമെന്നും സമൂഹ പുരോഗതിയില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി എന്നിവര്‍ സംബന്ധിച്ചു.

X
Top