
തിരുവനന്തപുരം: 2026ൽ നിർബന്ധമായും ലോകത്തിൽ കണ്ടിരിക്കേണ്ട 26 സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. റഫ് ഗൈഡ്സിന്റെ ഏറ്റവും പുതിയ വാർഷിക യാത്രാ റിപ്പോർട്ടിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്.
‘2026ലെ ലോകത്തിലെ ഏറ്റവും മികച്ച 26 ഡെസ്റ്റിനേഷൻസ്’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പതിനാറാം സ്ഥാനത്താണ് കേരളം.
ലണ്ടൻ ആസ്ഥാനമായുള്ള ട്രാവൽ പബ്ലിഷർ ആണ് റഫ് ഗൈഡ്. 2026ൽ ലോകത്ത് കണ്ടിരിക്കേണ്ട 26 സ്ഥലങ്ങളുടെ പട്ടിക റഫ് ഗൈഡ് കഴിഞ്ഞയിടെ പുറത്തു വിട്ടിരുന്നു. പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച ഒരേയൊരു സ്ഥലം കേരളം ആണ്.
യാത്രകളെ സ്നേഹിക്കുന്നവർക്ക് ഗൈഡ് ബുക്കുകളും യാത്രാപദ്ധതികൾ ആസൂത്രണം ചെയ്ത് നൽകുകയും ചെയ്യുന്ന റഫ് ഗൈഡ് ഏകദേശം 30,000 യാത്രാ അന്വേഷണങ്ങളിൽ നിന്നാണ് 2026ലേക്കുള്ള 26 പ്രധാനപ്പെട്ട സ്ഥലങ്ങളെ തിരഞ്ഞെടുത്തത്.
പട്ടികയിൽ കേരളം 16ാം സ്ഥാനത്ത്
പട്ടികയിൽ കേരളം പതിനാറാം സ്ഥാനത്താണ് എന്നതാണ് സന്തോഷകരമായ മറ്റൊരു വാർത്ത. റോം, ലിസ്ബൺ, ബാലി, ഹാനോയ് പോലുള്ള സ്ഥലങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനുള്ള കേരളം അതിന്റെ പ്രകൃതിഭംഗി കൊണ്ടും വൈവിധ്യമാർന്ന ഭൂപ്രകൃതി കൊണ്ടും തന്നെയാണ് പട്ടികയിൽ ഇടം പിടിച്ചത്.
കടൽ, മലകൾ, കായലുകൾ, തേയില തോട്ടങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പുഴകൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ എന്നു തുടങ്ങി കേരളം വൈവിധ്യം കൊണ്ട് സമ്പന്നമാണ്. ഈ വൈവിധ്യം തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതും. സാവധാനത്തിലുള്ള യാത്രകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണ് കേരളം എന്നതും കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
∙റോമും പാരിസും ഇടം പിടിച്ച പട്ടികയിൽ കേരളം
മാരാകേഷ്, ക്രീറ്റ്, ബാലി, ടോക്കിയോ, റോം, ഇസ്താംബുൾ, സിസിലി, ലിസ്ബൺ, ഹനോയ്, ബാങ്കോക്ക്, പാരിസ്, ടെനറൈഫ്, അമാൽഫി കോസ്റ്റ്, റിയോ ഡി ജനീറോ, ബുഡാപെസ്റ്റ്, കേരളം, ഡാൽമേഷ്യ, ക്രൂഗർ നാഷണൽ പാർക്ക്, യുകാറ്റൻ, സെവില്ലെ, നമീബിയ, സ്കോട്ടിഷ് ഹൈലാൻഡ്സ്, പ്രൊവെൻസ്, പന്റനാൽ, ചിയാങ് മായ്, പലവാൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ.






