
കൊച്ചി: കേരള എയ്ഞ്ചൽസ് നെറ്റ്‌വർക്ക് (കെ.എ.എൻ) നടപ്പു സാമ്പത്തികവർഷം ആദ്യ പാദത്തിലെ നിക്ഷേപം പ്രഖ്യാപിച്ചു. ബംഗളൂരു ആസ്ഥാനമായ ടെക് സ്റ്റാർട്ടപ്പായ നിറ്റിഗ്രിറ്റി എ.ഐ സൊല്യൂഷൻസിനാണ് നിക്ഷേപം ലഭിച്ചത്.
ടൈ കേരളയുടെ സംരംഭമായ കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് സംസ്ഥാനത്തെ എയ്ഞ്ചൽ നിക്ഷേപകരുടെ കൂട്ടായ്മയാണ്.
വളർച്ചാസാദ്ധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്കും പ്രാരംഭ ഘട്ട ബിസിനസുകൾക്കും നിക്ഷേപവും വളർച്ചാസാദ്ധ്യത ഒരുക്കുകയുമാണ് ലക്ഷ്യം.
2020ൽ ആരംഭിച്ചതുമുതൽ കേരളത്തിൽ നൂതന പദ്ധതികളിലൂടെ ഗണ്യമായ സ്റ്റാർട്ടപ്പ് ഫണ്ടിംഗും നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് കെ.എ.എൻ പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു.
രാജ്യത്തെ മറ്റ് എയ്ഞ്ചൽ നെറ്റ്‌വർക്ക്, വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകൾ, എച്ച്.എൻ.ഐ കൾ എന്നിവയുമായി സഹകരിക്കാനും വിപുലീകരിക്കാനും നടപടി ആരംഭിച്ചു.
കേരളം ആസ്ഥാനമായ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ താല്പര്യമുള്ള എയ്ഞ്ചൽ നിക്ഷേപകരുടെ ശൃംഖല ഒരുക്കുമെന്ന് രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു.