
പെരുമ്പാവൂരില്‍ തുടങ്ങുന്നത് അസാധ്യമെന്ന് പലരും കരുതിയ കാര്യം: മന്ത്രി പി രാജീവ്
പെരുമ്പാവൂര്‍: അടുത്ത പതിനാറു മാസക്കാലംകൊണ്ട് പെരുമ്പാവൂരിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വ്യവസായ പദ്ധതിക്കാണ് ട്രാവന്‍കൂര്‍ റയോണ്‍സില്‍ നിന്ന് കിന്‍ഫ്ര ഏറ്റെടുത്ത ഭൂമിയില്‍ തുടക്കമിട്ടിരിക്കുന്നതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പെരുമ്പാവൂര്‍ കിൻഫ്ര ഇന്‍ഡസ്ട്രിയല്‍ പാർക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അടുത്ത രണ്ടു ഘട്ടങ്ങള്‍കൂടി എട്ടുമാസം വീതമെടുത്ത് പൂര്‍ത്തിയാക്കുമെന്ന് കെയിന്‍സിന്റെ മാനേജ്മെന്റ് മന്ത്രിക്ക് വേദിയില്‍ വച്ച് ഉറപ്പുനല്‍കി.
എഐ ക്യാമറ നിര്‍മാണവുമായി ബന്ധപ്പെട്ട് കെല്‍ട്രോണും കെയ്നസ് ടെക്നോളജിയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പവച്ചു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കെല്‍ട്രോണ്‍ എംഡി: ശ്രീകുമാര്‍ നായര്‍, കെയ്ൻസ് ടെക്നോളജി ചെയര്‍പേഴ്സണ്‍ സവിത രമേഷ്, കെയ്ന്‍സ് സ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനുമായ രമേഷ് കുഞ്ഞിക്കണ്ണൻ, മാനേജിംഗ് ഡയറക്ടർ ഡോ. എൻ. മുത്തുകുമാർ, മുന്‍ എംഎല്‍എ സാജു പോള്‍, കൗണ്‍സിലര്‍മാരായ വി.പി. ബാബു, ഷാജി കുന്നത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപനചെയ്ത് നിർമിക്കുന്ന, മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍സിന് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉൽപാദന യൂണിറ്റുകളുള്ളത്.
കേരളത്തിൽ കൊച്ചിയിൽ പ്രവര്‍ത്തിക്കുന്ന സർവ്വീസ് സെന്റർ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.






