
കരൂർ വൈശ്യ ബാങ്ക് 2026 ജൂൺ 30-ന് അവസാനിച്ച ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 15.94 ശതമാനം വർധിച്ച് 2,27,267 കോടി രൂപയിലെത്തി. നിക്ഷേപം 14.94 ശതമാനം ഉയർന്ന് 1,22,587 കോടി രൂപയും വായ്പകൾ 17.13 ശതമാനം വർധിച്ച് 1,04,680 കോടി രൂപയുമായി.
റീട്ടെയിൽ, കാർഷിക, എം.എസ്.എം.ഇ. വിഭാഗങ്ങളിലെ വായ്പകൾ 18 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സി എ എസ് എ നിക്ഷേപം 15.25 ശതമാനം ഉയർന്ന് സി എ എസ് എ അനുപാതം 27.55 ശതമാനമായി. ബാങ്കിന്റെ ബാലൻസ് ഷീറ്റ് 15.15 ശതമാനം വളർച്ചയോടെ 1,44,364 കോടി രൂപയിലെത്തി.
ആദ്യ പാദത്തിൽ ബാങ്കിന്റെ അറ്റലാഭം വാർഷികാടിസ്ഥാനത്തിൽ 44.92 ശതമാനം ഉയർന്ന് 756 കോടി രൂപയായി. പിപിഒപി 36.15 ശതമാനം വർധിച്ച് 1,096 കോടി രൂപയിലെത്തിയപ്പോൾ, അറ്റ പലിശ വരുമാനം 31.76 ശതമാനം ഉയർന്ന് 1,423 കോടി രൂപയായി. അറ്റ പലിശ മാർജിൻ 4.34 ശതമാനമായും കമ്മീഷൻ, ഫീസ് അധിഷ്ഠിത വരുമാനം 7.57 ശതമാനം വർധിച്ച് 270 കോടി രൂപയായും രേഖപ്പെടുത്തി.
വരുമാന-ചെലവ് അനുപാതം 41.24 ശതമാനമായിരുന്നു. ഈ പാദത്തിൽ ബാങ്കിന്റെ ആർ ഒ എ 2.11 ശതമാനവും ആർ ഇ ഒ 20.24 ശതമാനവും രേഖപ്പെടുത്തി.
വളർച്ച, ലാഭക്ഷമത, ആസ്തി ഗുണനിലവാരം എന്നീ പ്രധാന മേഖലകളിലെ സ്ഥിരതയാർന്ന പ്രകടനം ബാങ്കിന്റെ ശക്തമായ ബിസിനസ് മാതൃകയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ബി. രമേശ് ബാബു പറഞ്ഞു. ബാങ്ക് ആദ്യ പാദത്തിൽ ഒരു ലക്ഷം കോടി രൂപയുടെ വായ്പാ നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം അറിയിച്ചു.
2026 ജൂൺ 30-ലെ കണക്കുപ്രകാരം ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ജി എൻ പി എ) 0.74 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി ( എ എൻ എൻ പി എ) 0.19 ശതമാനവുമാണ്. ബേസൽ-III പ്രകാരമുള്ള മൂലധന പര്യാപ്തതാ അനുപാതം 18.61 ശതമാനമായി ഉയർന്നപ്പോൾ, രാജ്യത്തുടനീളം ബാങ്കിന് 903 ശാഖകളും ഒരു ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റും 2,169 എടിഎമ്മുകളും/ക്യാഷ് റീസൈക്ലറുകളും പ്രവർത്തിക്കുന്നുണ്ട്.






