
ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷാധിപതികളായ നികുതിദായകരുടെ എണ്ണത്തില്‍ ഒന്നാമതെത്തി കര്‍ണാടക. ബംഗളൂരുവിന്റെ വളര്‍ച്ചയാണ് കർണാടകയ്ക്ക് കരുത്തേകിയത്.
ലോക്സഭയില്‍ ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കര്‍ണാടകയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ അഞ്ചില്‍ ഒരാളുടെ വരുമാനം 12 മുതല്‍ 50 ലക്ഷം രൂപ വരെയാണ്.
കര്‍ണാടകത്തിലെ നികുതിദായകരില്‍ 20.6 ശതമാനം പേരാണ് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം സമ്പാദിക്കുന്നത്. ഐടി, സ്റ്റാര്‍ട്ടപ്പ്, സര്‍വീസ്, ഫിനാന്‍ഷ്യല്‍ മേഖലകളിൽ നിന്നുളളവരാണ് ഭൂരിഭാഗവും.
തെലങ്കാനയില്‍ 19.8 ശതമാനം, തമിഴ്‌നാട്ടില്‍ 18.8 ശതമാനം, ഡല്‍ഹിയില്‍ 17.6 ശതമാനം പേരും സമാന വിഭാഗത്തിലുണ്ട്. പുതുച്ചേരി, ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയും ആദ്യ പത്തിലുണ്ട്.
രാജ്യത്തെ ആകെ നികുതിദായകരില്‍ 14.1 ശതമാനം പേര്‍ക്കാണ് 12 മുതല്‍ 50 ലക്ഷം രൂപ വരുമാനം. വലിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗുജറാത്ത് പോലും ഈ പട്ടികയില്‍ പിന്നിലാണ്.
ബീഹാറിനും താഴെയാണ് ഗുജറാത്ത്. സംസ്ഥാനത്തെ നികുതി ഘടന തന്നെയാണ് ഇതിന് പ്രധാന കാരണം എന്നാണ് വിലയിരുത്തല്‍. അതേസമയം, 25 മുതല്‍ 50 ലക്ഷം രൂപ വരുമാനമുള്ളവരുടെ എണ്ണത്തില്‍ കേരളവും ആദ്യ പത്തിലുണ്ട്.
1.4 ലക്ഷം ആളുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. കര്‍ണാടകയും തമിഴ്‌നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. കേരളം ഒൻപതാം സ്ഥാനത്താണ്.