
കോഴിക്കോട്: ദീർഘനാളത്തെ നിയന്ത്രണത്തിന് ശേഷം കരിപ്പൂർ വിമാനത്താവളം പൂർണതോതില്‍ പ്രവർത്തന സജ്ജമാകുന്നു. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് രാവിലെ പത്തുമുതൽ വൈകുന്നേരം ആറു വരെയുള്ള വിമാനസർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ മാസം 28ന് ഈ നിയന്ത്രണങ്ങള്‍ അവസാനിക്കും. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരിൽ നിന്നും സർവ്വീസ് നടത്തും. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്ക്കാണ് റീ കാർപെറ്റിങ് പ്രവൃത്തി പൂർത്തിയാക്കിയത്.
റീ കാർപെറ്റിങ്ങിനൊപ്പം വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.
ജൂണ്‍ മാസത്തോടെ റൺവേ റീ കാർപെറ്റിങ് പൂർത്തിയായിരുന്നെങ്കിലും റൺവേയിലെ ടാറിങ്ങിന് സമമായി വശങ്ങളിൽ മണ്ണിട്ടു നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടുപോകുകയായിരുന്നു.
ആവശ്യമായ രീതിയില്‍ മണ്ണ് ലഭിക്കാത്തതും മഴയുമായിരുന്നു കാലതാമസത്തിന് കാരണമായത്.
നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സർവീസുകൾ ആരംഭിക്കും.
നിലവിൽ ഒമാൻ എയര്‍ ആഴ്ചയില്‍ 14 സർവീസുകളാണ് കരിപ്പൂരില്‍ നിന്ന് മസ്‍കറ്റിലേക്ക് നടത്തുന്നത്. ഇത് 17 സർവീസുകളാക്കി വര്‍ധിപ്പിക്കും. റിയാദിലേക്കുള്ള ഫ്ളൈ നാസ് സർവീസുകൾ നാലിൽനിന്ന് ആറാകും.
എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ഇൻഡിഗോ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് പരിഗണിക്കുന്നു.