
കോട്ടയം: ജില്ലയിൽ 10,000 കടന്ന് കെ-ഫോൺ കണക്ഷൻ. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി ജില്ലയിൽ വൻ സ്വീകാര്യത യാണ് കെ-ഫോണിനുള്ളത്. ഇതുവരെ ജില്ലയിൽ 7730 ഗാർഹിക കണക്ഷനുകളാണ് കെ-ഫോൺ പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 473 വീടുകളിലും, കളക്ടറേറ്റ് ഉൾപ്പെടെ 1800-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും കെ-ഫോൺ കണക്ഷൻ നൽകുന്നുണ്ട്. ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നുവെന്ന നിലയിലാണ് കെ-ഫോൺ കൂടുതൽ ശ്രദ്ധേയമായത്. ജില്ലയിൽ ഇതുവരെ 2295.3 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 380 ലോക്കൽ നെറ്റുവർക് ഓപ്പറേറ്റർമാരും കെ-ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ-ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ-ഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ-ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരിൽ മെസേജ് ചെയ്തോ കെ-ഫോൺ പ്ലാനുകൾ അറിയാൻ കഴിയും.






