
കൊച്ചി: ഫിൻടെക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐവിബിഎമ്മിന്റെ മൂന്നാമത്തെ ഓഫീസ് ഇൻഫോപാർക്ക് കൊച്ചിയിലെ പ്രീമിയം കൊ-വര്‍ക്കിംഗ് സ്പേസായ ഐ ബൈ ഇൻഫോപാര്‍ക്കില്‍ തുടങ്ങി. പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 10 ശതമാനത്തോളം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ്.
ഇന്ത്യയിലെ ആദ്യത്തെ ‘ന്യൂറോ ഡൈവേഴ്സിറ്റി’ കോ വർക്കിംഗ് സ്പേസ് ആണെന്നതാണ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് മുകളിലായി ആരംഭിച്ച ‘ഐ ബൈ ഇൻഫോപാർക്’ തിരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഐവിബിഎം ഇന്ത്യ ഒപ്പറേഷൻസ് ഹെഡ് കെ എസ് ഫസലു റഹ്മാൻ ചൂണ്ടിക്കാണിക്കുന്നത്. നേതൃനിരയിൽ 50% വനിതകൾ, നാപ് റൂം, വൈവിധ്യമാർന്ന ലൈബ്രറി, ആര്‍ത്തവ അവധി, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കുന്ന കോഫി ചാറ്റ് സെഷൻസ് തുടങ്ങിയ സൗകര്യങ്ങൾ ജീവനക്കാർക്ക് വേണ്ടി ഐവിബിഎം നൽകി വരുന്നുണ്ട്.






