സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ആഗോള വിപണിയില്‍ 80 ഡോളര്‍ പിന്നിട്ട് ക്രൂഡ് ഓയില്‍ വില

മാസങ്ങള്‍ക്കു ശേഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 80 ഡോളര്‍ പി്ന്നിട്ടു. 24 മണിക്കൂറിനിടെ എണ്ണവിലയില്‍ മൂന്നു ഡോളറിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇറാന്‍- ഇസ്രായേല്‍ യുദ്ധം മൂര്‍ച്ഛിച്ചതോടെ ഡിമാന്‍ഡ് ആശങ്കകള്‍ കെട്ടടങ്ങുകയായിരുന്നു.

യുദ്ധം കനക്കുന്നത് എണ്ണയുടെ വിപണികളിലേയ്ക്കുള്ള ഒഴുക്കിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇറാന്റെ എണ്ണ, വാതക കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് വിവരം. ഇത് വിതരണ തടസത്തിനു വഴിവയ്ക്കും. വാര്‍ത്തകള്‍ പരന്നതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 3.69 ശതമാനം വില വര്‍ധിച്ച് 80.93 ഡോളറിലെത്തി.

ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 77.34 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഏറ്റവും കുറഞ്ഞ പ്രതികരണമായി ഇസ്രായേല്‍ കാണുന്നത്.

ഇസ്രായേല്‍- ഇറാന്‍ യുദ്ധ പുരോഗതിയില്‍ നിക്ഷേപകരും, ഊഹക്കച്ചവടക്കാരും ജാഗ്രതയിലാണ്. പ്രതികാര നടപടികള്‍ ഇസ്രായേല്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും, അതില്‍ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചത് എണ്ണവില ഉയരാന്‍ കാരണമായി.

എണ്ണ- വാതക കേന്ദ്രങ്ങളെ അക്രമണ പരിധിയില്‍ നിന്ന് ഇസ്രായേല്‍ അകറ്റി നിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ എണ്ണ- വാതക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇറാനില്‍ നിന്നുള്ള കയറ്റുമതി സാരമായി ബാധിക്കപ്പെടും. ഇതു ആഗോള വിതരണ ശൃംഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇതിന്റെ ആദ്യ പ്രതിഫലനം വില വര്‍ധനയാകും. ആഗോള എണ്ണവില വര്‍ധിക്കുന്നത് പണപ്പെരുപ്പ ആശങ്ക പിന്നെയും വളര്‍ത്തും. കൂടാതെ രാജ്യങ്ങളുടെ തിരിച്ചുവരവ് വീണ്ടും ദുഷ്‌കരമാകും.

ഇന്ത്യയെ സംബന്ധിച്ച് ആഗോള എണ്ണവില വര്‍ധന വീണ്ടും തലവേദനയാകുകയാണ്. ബാരല്‍ വില 80 ഡോളര്‍ പിന്നിട്ടതോടെ ഇതുവരെ ആസ്വദിച്ചു വന്ന ഇളവുകള്‍ നഷ്ടമാകും.

രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില കുറയാനുള്ള സാധ്യതയും മങ്ങുകയാണ്. ആഗോള എണ്ണവില വര്‍ധന വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ ഒഴുക്കും പരിമിതപ്പെടുത്തും. യുദ്ധം സമാധാനം കാണുന്നതുവരെ എണ്ണവില അസ്ഥിരമായി തുടരാനാണു സാധ്യത.

രാജ്യത്ത് ഇന്ധന, ഊര്‍ജ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില ഉടന്‍ വര്‍ധിക്കാന്‍ സാധ്യതയില്ല.

കാരണം വില കുറഞ്ഞ ക്രൂഡ് കമ്പനികള്‍ യഥേഷ്ടം സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ആഗോള വിലയിടിവില്‍ മാര്‍ജിനുകള്‍ മികച്ച നിലയില്‍ ഉയര്‍ത്തിയിട്ടുണ്ട്.

X
Top