
മുംബൈ: ഐപിഒ വിപണി ഏറ്റവും കൂടുതല്‍ ധനസമാഹരണം നടത്തുന്ന മാസം എന്ന റെക്കോഡാണ് ഒക്‌ടോബറിലുണ്ടായത്. 14 ഐപിഒകള്‍ ചേര്‍ന്ന് 46,000 കോടി രൂപയാണ് ഒക്‌ടോബറില്‍ സമാഹരിച്ചത്. രണ്ട് മെഗാ ഐപിഒകളാണ് ഒക്‌ടോബറിലുണ്ടായത്.
15,512 കോടി രൂപ സമാഹരിച്ച ടാറ്റാ കാപ്പിറ്റലിന്റെ ഐപിഒ ഹ്യുണ്ടായ് മോട്ടോറിനു ശേഷം വിപണിയിലെത്തിയ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവാണ്. എല്‍ജി ഇലക്‌ട്രോണിക്‌സ് 11,607 കോടി രൂപ ഐപിഒ വഴി സമാഹരിക്കുകയും 50 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്യുകയും ചെയ്‌തു.
ഇന്നലെ തുടങ്ങിയ ലെന്‍സ്‌കാര്‍ട്ടിന്റെ ഐപിഒ 7,278.02 കോടി രൂപയാണ് സമാഹരിക്കുന്നത്. വിവര്‍ക്ക് ഇന്ത്യ. കാനറാ എച്ച്‌എസ്‌ബിസി ലൈഫ് ഇന്‍ഷുറന്‍സ്, ഒര്‍ക്‌ല ഇന്ത്യ, റൂബികോണ്‍ റിസര്‍ച്ച് എന്നിവയും ഈ മാസം വിപണിയിലെത്തിയ പ്രമുഖ ഐപിഒകളാണ്. ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന ധനസമാഹരണം ഐപിഒ വിപണിയിലുണ്ടായത് 2024 ഒക്‌ടോബറിലാണ്.
ആറ് ഐപിഒകകള്‍ 38,690 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സമാഹരിച്ചത്.
2025ല്‍ ഇതുവരെ 89 ഐപിഒകളില്‍ എത്തിയ നിക്ഷേപം 1.38 ലക്ഷം കോടി രൂപയാണ്. 2024ല്‍ ആണ് ഏറ്റവും വലിയ ധനസമാഹരണം ഐപിഒ വിപണിയിലുണ്ടായത്-1.6 ലക്ഷം കോടി രൂപ.
കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് ഈ വര്‍ഷം, രണ്ട് മാസം കൂടി ശേഷിക്കെ, മറികടക്കാനാണ് സാധ്യത.





