
മുംബൈ: 2025 ആദ്യപകുതിയില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി കമ്പനികള്‍ 45350 കോടി രൂപ സമാഹരിച്ചു. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവാണിത്.
അതേസമയം ഐപിഒകളുടെ എണ്ണം 36 ല്‍ നിന്നും 24 ആയി കുറഞ്ഞു. ഐപിഒയ്്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം 118 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ 52 കമ്പനികളാണ് ഈ കാലയളവില്‍ കരട് രേഖകള്‍ സമര്‍പ്പിച്ചത്.
2025 ജനുവരി-ജൂണ്‍ കാലയളവില്‍, 24 മെയിന്‍ബോര്‍ഡ് ഐപിഒകളാണ് നടന്നത്. അവയില്‍ 67 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ഐപിഒകളുടെ മൊത്തത്തിലുള്ള പ്രകടനവും ശക്തമാണ്. നിക്ഷേപകര്‍ക്ക് ശരാശരി 25 ശതമാനം വരുമാനം നല്‍കാന്‍ പബ്ലിക് ഓഫറുകള്‍ക്ക് സാധിച്ചു.
പ്രധാന ഐപിഒകളില്‍ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് (12,500 കോടി രൂപ), ഹെക്സാവെയര്‍ ടെക്നോളജീസ് (8,750 കോടി രൂപ), ഷ്‌ലോസ് ബാംഗ്ലൂര്‍ (3,500 കോടി രൂപ), ആതര്‍ എനര്‍ജി (2,981 കോടി രൂപ) എന്നിവ ഉള്‍പ്പെടുന്നു.
2025 ന്റെ രണ്ടാംപകുതിയിലെ പ്രാഥമിക വിപണി ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് വച്ചുപുലര്‍ത്തുന്നതെന്ന് ചോയ്‌സ് ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് സിഇഒ രതിരാജ് ടിബ്രെവാള്‍ പറഞ്ഞു.