
സ്വർണവില അടിക്കടി കുതിച്ചുയരുമ്പോൾ മഞ്ഞലോഹത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. കാരണം കാര്യമായ ലാഭം തരുന്ന ആകർഷകമായ നിക്ഷേപ മാർഗമാണ് സ്വർണം ഇന്ന്. അതിന് ആഭരണമായോ നാണയമായോ ബാറായോ വാങ്ങിസൂക്ഷിക്കുക അബദ്ധമാണ്. ഡിജിറ്റൽ രൂപത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്)കളാണ് ഇപ്പോൾ താരം.
സ്വർണ ഇ.ടി.എഫുകളിലേക്ക് പണം ഒഴുകുകയാണ്. ഇക്കഴിഞ്ഞ ജൂണിൽ 2,081 കോടി രൂപയാണ് ഗോൾഡ് ഇ.ടി.എഫിൽ നിക്ഷേപമായെത്തിയത്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. മേയിൽ 292 കോടി രൂപയായിരുന്നു ഇ.ടി.എഫ് നിക്ഷേപമെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ന്റെ ആദ്യ പകുതിയിൽ ഗോൾഡ് ഇ.ടി.എഫുകളിൽ എത്തിയ മൊത്തം നിക്ഷേപം 8,000 കോടി കവിഞ്ഞു. അതോടെ ആകെ ആസ്തി 64,777 കോടിയായി.
എന്താണ് സ്വർണ ഇ.ടി.എഫ്
ഇ.ടി.എഫിൽ നിക്ഷേപിക്കുക എന്നാല്‍ സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങി ഡിമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുക എന്നതാണ്. ഓഹരി വ്യാപാരം നടത്തുന്നതുപോലെ സ്വർണ ഇ.ടി.എഫുകൾ ഓഹരി വിപണിയിലൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
വിൽക്കുമ്പോൾ സ്വര്‍ണമല്ല അതിനു തുല്യമായ തുകയാണ് ലഭിക്കുക. സ്വര്‍ണത്തില്‍ നിക്ഷേപിക്കാൻ ഏറ്റവും സൗകര്യമുള്ള സംവിധാനമാണിത്. സ്വർണം നേരിട്ട് വാങ്ങുന്നതിനുപകരം അതത് ദിവസത്തെ സ്വർണവില അടിസ്ഥാനമാക്കി ഒരു ഫണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
സ്വർണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വേവലാതി വേണ്ട, പണിക്കൂലിയില്ല, പണിക്കുറവില്ല, ഉയർന്ന നികുതി നൽകേണ്ട, വീട്ടിലോ ലോക്കറിലോ സൂക്ഷിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട, ഇന്ത്യയിലാകമാനം വിൽക്കാനും വാങ്ങാനും ഒരേ വില, എപ്പോൾ വേണമെങ്കിലും വിൽക്കാം, വാങ്ങാം തുടങ്ങിയ നിരവധി ഗുണങ്ങൾ ഇ.ടി.എഫ് നിക്ഷേപത്തിനുണ്ട്. വലിയ തുകപോലും ഇതിനായി മുടക്കണ്ട.
ചെറിയ വിലയുള്ള യൂനിറ്റുകളിലാണ് ഇ.ടി.എഫ് വ്യാപാരം. ഒറ്റത്തവണ വാങ്ങുന്നതിന് പകരം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) വഴി തവണകളായും ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപിക്കാം. പണപ്പെരുപ്പത്തിനെതിരായ സംരക്ഷണം കൂടിയാണ് സ്വർണത്തിലുള്ള നിക്ഷേപം.
എങ്ങനെ നിക്ഷേപിക്കാം
ഗോൾഡ് ഇ.ടി.എഫിൽ നിക്ഷേപിക്കാൻ നിങ്ങൾ ഒരു സ്റ്റോക്ക് ബ്രോക്കർ വഴി ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുറക്കണം. ഇതിന് പാൻ കാർഡ്, തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ മതി.
വിവിധ ഫണ്ട് ഹൗസുകളുടെ ഗോൾഡ് ഇ.ടി.എഫുകൾ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിപ്പോണ്‍ ഇന്ത്യ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ആക്സിസ്, ഐ.സി.ഐ.സി.ഐ തുടങ്ങിയ വിവിധ അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഗോള്‍ഡ് ഇ.ടി.എഫുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇവരിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത്ര ഇ.ടി.എഫ് യൂനിറ്റുകൾ വാങ്ങാൻ ഓർഡർ നൽകാം. ഇതെല്ലാം ഇപ്പോൾ സ്മാർട്ട് ഫോൺ വഴി വീട്ടിലിരുന്നും യാത്രയിലുമെല്ലാം ചെയ്യാം. കുറഞ്ഞ ട്രാക്കിങ് പിഴവുകളും ഉയർന്ന ട്രേഡിങ് വോള്യവുമുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഇടപാടുകൾക്ക് ബ്രോക്കറേജ് ഫീസും ചെറിയ ഫണ്ട് മാനേജ്മെന്‍റ് നിരക്കും ഈടാക്കും.