
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കടൽ പായൽ വ്യവസായ സംഗമങ്ങളിൽ ഒന്നായ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽ പായൽ എക്‌സ്‌പോയും ഉച്ചകോടിയും 2026 ജനുവരി 29, 30 തിയ്യതികളിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സസ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. കടൽ പായലുകളുടെ സാധ്യതകൾ ആഗോള തലത്തിൽ ചർച്ച ചെയ്യുന്ന സുപ്രധാന വേദിയാണിത്. കടൽ പായൽ ഗവേഷണ മൂല്യവർധിത ഉത്പാദന രംഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതിക കൈമാറ്റം, അന്താരാഷ്ട്ര വിപണി എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി. ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കും.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംയുക്തമായാണ് എക്‌സ്‌പോ നടത്തുന്നത്. വ്യവസായ പ്രദർശനത്തിന് പുറമെ, വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ചർച്ചകളുണ്ടാകും. ‘സീവീഡ് 2030’ എന്ന പേരിൽ നടക്കുന്ന പാനൽ ചർച്ചയാണ് കടൽ പായൽ ഉച്ചകോടിയിലെ പ്രധാന ആകർഷണം. കടൽ പായൽ ഉത്പാദനത്തിലും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിനുള്ള ദേശീയ രൂപരേഖ പാനൽ ചർച്ചയിൽ അവതരിപ്പിക്കും. നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, അന്താരാഷ്ട്ര നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ ഉച്ചകോടിയിൽ ഒത്തുചേരും.
വിവിധ സെഷനുകളിൽ നടക്കുന്ന ചർച്ചകളിൽ, ഇന്ത്യയുടെ കടൽ പായൽ മൂല്യ ശൃംഖല വികസനം, തീരദേശ ജനതയുടെ ഉപജീവനമാർഗം, ബ്ലൂ ഇക്കോണമി എന്നിവയ്ക്ക് ഊന്നൽ നൽകും. കടൽ പായൽ വ്യവസായ രംഗത്ത് പുതിയ നിക്ഷേപങ്ങൾക്ക് എക്‌സ്‌പോ വഴിതുറക്കുമെന്നാണ് കരുതുന്നത്. 11,000 കിലോമീറ്ററിലധികം തീരപ്രദേശവും വിശാലമായ സമുദ്ര ജൈവ വൈവിധ്യവുമുള്ള ഇന്ത്യയ്ക്ക് കടൽ പായൽ കൃഷി-സംസ്‌കരണ-വ്യവസായ രംഗത്ത് വലിയ സാധ്യതകളാണുള്ളത്.






