ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

നോർത്ത് ഈസ്റ്റിലെ അടിസ്ഥാന സൗകര്യ വികസനം: കൃഷിയും ടൂറിസവും വലിയ സാധ്യതകൾ


കെ. വി. ഈപ്പൻ ഐഎഎസ് (റിട്ട.)

ടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വലിയ വളർച്ചാ സാധ്യതകളും അവസരങ്ങളുമുള്ള ഒരു പ്രധാന മേഖല ടൂറിസം – ഹോസ്പിറ്റാലിറ്റി സെക്ടറാണ്. വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെ ആകർഷകവും വൈവിധ്യ പൂർണവുമായ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഈ മേഖലയിലുണ്ട്. അസമിലെ കാസിരംഗ ദേശീയോദ്യാനം മാത്രമാണ് പരക്കെ അറിയപ്പെടുന്നത്. എന്നാൽ കാസിരംഗക്ക് പുറമെ ഗുവാഹത്തി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളോട് ചേർന്നുള്ള പോബിതോറ വന്യജീവി സങ്കേതം പോലെ ഒട്ടേറെ ടൂറിസം ഹോട്സ്പോട്ടുകൾ വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്. അസമിനെ സംബന്ധിച്ച് പറഞ്ഞാൽ വിവിധ വന്യജീവി സങ്കേതങ്ങളും ബ്രഹ്മപുത്ര നദിയും കേന്ദ്രീകരിച്ചു തന്നെ നിരവധി ടൂറിസം പദ്ധതികൾക്കുള്ള അവസരങ്ങളുണ്ട്. അഡ്വഞ്ചർ ടൂറിസം, വൈൽഡ്‌ലൈഫ് ടൂറിസം, റിവർ ടൂറിസം തുടങ്ങിയവയൊക്കെ വലിയ സാധ്യതകളാണ്. കൾച്ചറൽ ടൂറിസവും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട മേഖലയാണ്. ഓരോ നൂറ് കിലോമീറ്ററിലും വളരെ വ്യത്യസ്തങ്ങളായ കമ്മ്യൂണിറ്റികളും സംസ്കാരങ്ങളും ഭാഷകളും ആചാര രീതികളും ദൃശ്യമാകും.

സംഗീതത്തോട് സ്വാഭാവികമായിത്തന്നെ വലിയ അഭിനിവേശം ഉള്ളവരാണ് നോർത്ത്-ഈസ്റ്റ് ജനത. മുതിർന്ന രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിമാർ പോലും പലപ്പോഴും സംഗീതത്തിൽ ഏറെ അഭിരുചിയുള്ളവരായി തോന്നിയിട്ടുണ്ട്. പാശ്ചാത്യ സംഗീതത്തിന്റെ വലിയ ആസ്വാദകർ കൂടിയാണവർ. ഇത്തരത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ പല തനിമകളും ഉൾക്കൊള്ളുന്നതാണ് നോർത്ത്-ഈസ്റ്റ് ജനതയും അവരുടെ ജീവിതവും. അതുകൊണ്ട് തന്നെയാണ് ടൂറിസം സവിശേഷ ശ്രദ്ധയർഹിക്കുന്ന ഒരു മേഖലയാകുന്നതും. കാർഷിക രംഗത്തും വലിയ വളർച്ചയ്ക്ക് അവസരങ്ങളുണ്ട്. റബറും പൈനാപ്പിളും പോലുള്ള കാർഷികോത്പന്നങ്ങൾക്ക് അനുകൂലമായ കാലാവസ്ഥയും മണ്ണുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേത്; കേരളത്തോട് വളരെയേറെ സാമ്യം. അസമിലെ പല ജില്ലകളിലും മേഘാലയയിലെ ഗാരോ കുന്നുകളിലും ത്രിപുരയിലുമൊക്കെ റബർ പ്ലാന്റേഷനുകൾ ധാരാളമായുണ്ട്.

കണക്ടിവിറ്റിയാണ് നോർത്ത്-ഈസ്റ്റ് മേഖലയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ‘ചിക്കൻസ് നെക്ക്’ എന്നറിയപ്പെടുന്ന ദുർഘടമായ സിലിഗുഡി ഇടനാഴി വഴി മാത്രമേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയൂ. അതുകൊണ്ട് തന്നെ രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും വ്യവസായ മേഖലകളിലേക്കും ഉത്പന്നങ്ങൾ സമയബന്ധിതമായി എത്തിക്കുക എന്നത് കഠിന പ്രയത്നം വേണ്ടിവരുന്ന കാര്യമാണ്. കാർഷികോത്പന്നങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും പര്യാപ്തമായ വെയർഹൗസിംഗ് സൗകര്യങ്ങളും കോൾഡ്ചെയിൻ ശൃംഖലകളും ഏറെ പ്രാധാന്യം അർഹിക്കുന്നു. ബംഗ്ളാദേശ്, മ്യാൻമാർ തുടങ്ങിയ അയൽ രാജ്യങ്ങളിലെ സാമൂഹിക അന്തരീക്ഷവും അവരുമായുള്ള നയതന്ത്ര ബന്ധങ്ങളും നിർണായകമാവുന്നത് ഈ സാഹചര്യത്തിലാണ്.

യഥാർത്ഥത്തിൽ ധാക്കയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ബംഗ്ലാദേശ് പ്രതിസന്ധി ഒഴിവായാൽ അസമിൽ നിന്നും മറ്റും ഉത്പന്നങ്ങൾ ജലമാർഗവും, തുടർന്ന് കരമാർഗവും ബംഗ്ളാദേശ് വഴി കൊൽക്കത്തയിൽ എത്തിക്കാൻ കഴിയും. മ്യാൻമാറിലെ രാഷ്ട്രീയ അസ്ഥിരത അവസാനിക്കുന്ന ഘട്ടത്തിൽ മണിപ്പൂരിലെ അതിർത്തി പട്ടണമായ മോറെ വഴി കണക്ടിവിറ്റി ലഭ്യമാകും. ചൈനയുമായുള്ള നയതന്ത്ര ബന്ധം സുഗമമാകുന്ന സാഹചര്യമുണ്ടായാൽ അപ്പർ അസമിൽ നിന്ന് മ്യാൻമാർ വഴി റോഡ് മാർഗം ചൈനയിൽ എത്തിച്ചേരാനും കഴിയും. രണ്ടാം ലോക മഹായുദ്ധ കാലത്ത് നിർമിച്ച ഈ പാത പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യ-ചൈന വ്യാപാര ബന്ധത്തിൽ അതൊരു നാഴികക്കല്ലാവും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ, പ്രത്യേകിച്ച് റോഡ് – റെയിൽ – എയർ കണക്ടിവിറ്റിയുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. മിസോറാമിലേക്കുള്ള ആദ്യ റെയിൽവേ ലൈൻ ഉദ്‌ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഗുവാഹത്തി വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനം ഉന്നത നിലവാരത്തിലുള്ളതാണ്. ബ്രഹ്മപുത്ര നദിക്ക് കുറുകെ പുതുതായി വന്ന പാലങ്ങളും ഗുവാഹത്തിയുടെ കണക്ടിവിറ്റി ഏറെ മെച്ചപ്പെടുത്തും. മുൻപ് ഗുവാഹത്തിയുടെ വികസനം കൂടുതലും നഗരത്തിന്റെ തെക്കൻ മേഖല കേന്ദ്രീകരിച്ചുള്ളതായിരുന്നു. പുതിയ പാലങ്ങൾ വന്നതോടെ വടക്കൻ പ്രദേശങ്ങൾക്ക് കൂടി വളർച്ചയുടെ ഭാഗമാകാൻ കഴിയും. വടക്കുകിഴക്കൻ മേഖലയുടെ കണക്ടിവിറ്റി ഹബ് എന്ന നിലയിലേക്ക് വളരാൻ ഗുവാഹത്തിക്ക് അനുകൂല സാഹചര്യമാണുള്ളത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഐഐടി ഗുവാഹത്തി, ഐഐഎം ഷില്ലോങ്, എയിംസ് മേഘാലയ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ സാന്നിധ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്. എന്നിരുന്നാലും അടിസ്ഥാന നൈപുണ്യ വികസനത്തിന് സഹായകമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും അഭാവം ശ്രദ്ധേയമാണ്. തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന സ്ഥാപനങ്ങളും കോഴ്‌സുകളും കൂടുതലായി വരേണ്ടതുണ്ട്. വിവിധ തൊഴിൽ മേഖലകളിൽ വിദഗ്ധരായ തൊഴിലാളികളുടെ അഭാവം സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുന്നതിനൊപ്പം വിദഗ്ധ തൊഴിൽ പരിശീലനം നൽകുന്ന ഐടിഐ പോലുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കാനും സർക്കാരുകൾ മുൻകൈ എടുക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പുതിയ സംരംഭങ്ങളും സ്ഥാപനങ്ങളും ഉയർന്നുവരുന്ന സാഹചര്യത്തിൽ മികച്ച പ്രൊഫഷണലുകളും വിദഗ്‌ധ തൊഴിലാളികളും വേണ്ടത്ര ലഭ്യമാകേണ്ടത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതിക്കും സ്വയംപര്യാപ്തതയ്ക്കും ആവശ്യമാണ്.

(അസം മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ലേഖകൻ കേന്ദ്ര ഭരണ പരിഷ്കാര – പൊതുജന പരാതി പരിഹാര വകുപ്പിന്റെയും വടക്ക് കിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിന്റെയും സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്)

X
Top