എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 3.21 ശതമാനമായി വർധിച്ചു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ പുതിയ കണക്കുകൾ പുറത്തുവിട്ടു.

ജനുവരിയിൽ ഇത് 2.74 ശതമാനമായിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കി ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്കിൽ 47 ബേസിസ് പോയിന്‍റിന്‍റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യ-പാനീയങ്ങൾ, വസ്ത്രങ്ങൾ, താമസം, മറ്റ് സേവനങ്ങൾ എന്നിവയുടെ വിലവർധനയെത്തുടർന്നാണ് ഫെബ്രുവരിയിൽ ചില്ലറ പണപ്പെരുപ്പം ഉയർന്നത്.

പുതിയ കണക്കുകൾ 2024 എന്ന അടിസ്ഥാന വർഷത്തെ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ സിപിഐ സീരീസിലാണ് തയാറാക്കിയിരിക്കുന്നത്. ഇത് നിലവിലെ ഉപഭോക്തൃ ചെലവ് രീതികളെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തതാണ്.

റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിൽ 3.47 ശതമാനമായി ഉയർന്നു. ജനുവരിയിൽ ഇത് 2.13 ശതമാനമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഗ്രാമീണ പണപ്പെരുപ്പം ജനുവരിയിലെ 2.73 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 3.37 ശതമാനമായി ഉയർന്നു. നഗരങ്ങളിലെ പണപ്പെരുപ്പം ജനുവരിയിലെ 2.75 ശതമാനത്തിൽ നിന്ന് 3.02 ശതമാനമായും വർധിച്ചു. എങ്കിലും ഇവയെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ലക്ഷ്യമായ 4 ശതമാനത്തിന് താഴെയാണ്.

പാർപ്പിട മേഖലയിലെ പണപ്പെരുപ്പം 2.12 ശതമാനമായി ഉയർന്നു; ജനുവരിയിൽ ഇത് 2.05 ശതമാനമായിരുന്നു.

പുതുക്കിയ സിപിഐ
പുതിയ സിപിഐ ചട്ടക്കൂട് പ്രകാരം പണപ്പെരുപ്പം കണക്കാക്കുന്നത് രണ്ടാം തവണ മാത്രമാണ്. 2012നുശേഷം മാറ്റമില്ലാതെ തുടർന്ന അടിസ്ഥാന വർഷം 2024ലേക്ക് പരിഷ്കരിച്ചു. പുതിയ അടിസ്ഥാന വർഷം കുടുംബങ്ങളുടെ മാറിയ ചെലവുരീതികൾ പ്രതിഫലിപ്പിക്കുന്നതിനായി പുതിയൊരു കണ്‍സംപ്ഷൻ ബാസ്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ രീതി അനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ആകെ വെയിറ്റേജ് മുൻപുണ്ടായിരുന്ന 45.9 ശതമാനത്തിൽ നിന്ന് 36.75 ശതമാനമായി കുറഞ്ഞു. എങ്കിലും സൂചികയിൽ ഏറ്റവും വലിയ പങ്കാളിത്തം ഇതിന് തന്നെയാണ്. ഇതിൽ ഭക്ഷണം മാത്രം 34.77 ശതമാനം വരും.

പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വെയിറ്റേജ് 16.9 ശതമാനത്തിൽ നിന്ന് 17.7 ശതമാനമായി ഉയർത്തി.

ഗതാഗതം, വിവരവിനിമയം, ഗാർഹിക സേവനങ്ങൾ എന്നിവയ്ക്ക് പുതിയ സൂചികയിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഇതിൽ ഗ്രാമീണ മേഖലയിലെ പാർപ്പിടം, ഒടിടി സബ്സ്ക്രിപ്ഷനുകൾ, മൂല്യവർധിത പാലുത്പന്നങ്ങൾ, ഡിജിറ്റൽ സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ പുതുതായി ഉൾപ്പെടുത്തി. കാലഹരണപ്പെട്ട വിസിആർ, ഓഡിയോ കാസറ്റുകൾ എന്നിവ സൂചികയിൽ നിന്ന് ഒഴിവാക്കി.

പശ്ചിമേഷ്യയിലെ സംഘർഷവും എണ്ണവില വർധിക്കാനുള്ള സാധ്യതയും അടുത്ത മാസങ്ങളിലെ പണപ്പെരുപ്പത്തെ ബാധിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇത് തുടരുകയാണെങ്കിൽ റിസർവ് ബാങ്കിന്‍റെ പലിശനിരക്ക് കുറയ്ക്കൽ തീരുമാനം വൈകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

X
Top