
മുംബൈ: 2000 നും 2023 നും ഇടയില്‍ ഏറ്റവും ധനികരായ 1% പേര്‍ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്മേലുള്ള നിയന്ത്രണം 62 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു.ജി20 ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍സി പുറത്തിറക്കിയ പുതിയ ആഗോള അസമത്വ റിപ്പോര്‍ട്ട് പറയുന്നു.
സമ്പത്തിന്റെ കൃത്യമായ തോത് നല്‍കുന്നില്ലെങ്കിലും 2023 ല്‍ 1% പേര്‍ക്ക് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% അവകാശമുണ്ട്. ലോകമെമ്പാടും പ്രവണത ശക്തമാണ്. ചൈനയില്‍ 1 ശതമാനം പേര്‍ ഇതേ കാലയളവില്‍ ദേശീയ സമ്പത്തിന്റെ 54 ശതമാനം നിയന്ത്രണം നേടി. പകുതിയിലധികം രാജ്യങ്ങളിലും സമ്പത്ത് കേന്ദ്രീകരണം സംഭവിച്ചിട്ടുണ്ട്. ആഗോള ജനസംഖ്യയുടെ 74 ശതമാനത്തെ ഈ രാഷ്ട്രങ്ങള്‍ പ്രതിനിധീകരിക്കുന്നു.
നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്‌സ് അധ്യക്ഷനായ കമ്മിറ്റിയില്‍ അഡ്രിയാന അബ്ദേനൂര്‍, വിന്നി ബ്യാനിമ, ജയതി ഘോഷ്, ഇമ്രാന്‍ വലോഡിയ, വാങ്ക സെംബെ-മകാബില്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രശ്‌നപരിഹാരത്തിനായി അന്താരാഷ്ട്ര അസമത്വ പാനല്‍ അല്ലെങ്കില്‍ ഐപിഐ സൃഷ്ടിക്കാന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.
കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയ ഉപദേശം നല്‍കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പോലെയുള്ള ഒരു ആഗോള സ്ഥാപനമായിരിക്കും ഇത്. ഐപിഐ സ്വന്തമായി ഗവേഷണം നടത്തില്ല. മറിച്ച് നിലവിലുള്ള പഠനങ്ങള്‍ ശേഖരിക്കുകയും അവലോകനം ചെയ്യുകയും അറിവിലെ വിടവുകള്‍ തിരിച്ചറിയുകയും വിശ്വസനീയമായ ഡാറ്റയെ അടിസ്ഥാനമാക്കി സര്‍ക്കാരുകളെയും അന്താരാഷ്ട്ര സംഘടനകളെയും മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും.






