
ഹൈദരാബാദ്: ഇക്കഴിഞ്ഞ സാമ്പത്തികവർഷം (2026) ഫെബ്രുവരി വരെ ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുൻ സാമ്പത്തികവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിനു മുകളിൽ ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥ വ്യക്തമാക്കി. ഏപ്രിൽ മുതൽ ഫെബ്രുവരി വരെ 28 ബില്യൺ യുഎസ് ഡോളറിന്‍റെ കയറ്റുമതിയാണു നടന്നത്.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ഫാർമെക്സിൽ) ഡയറക്ടർ ജനറൽ കെ. രാജുഭാനുവിന്‍റെ അഭിപ്രായത്തിൽ നിലവിൽ 60 ബില്യൺ മൂല്യമുള്ള ഈ മേഖല 2030ഓടെ 130 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള പ്രതിസന്ധികളിലും വളർച്ചയിൽ വേഗത കൈവരിക്കാൻ സാധിച്ച ചുരുക്കം ചില മേഖലകളിലൊന്നാണ് ഔഷധ കയറ്റുമതി. 2026 സാമ്പത്തികവർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കയറ്റുമതി 28.29 ബില്യൺ ഡോളറിലെത്തി.
ഡഗ്ര് ഫോർമുലേഷനുകൾ, ബയോളജിക്കൽസ്, വാക്സിനുകൾ, ആയുഷ് ഉത്പന്നങ്ങൾ എന്നിവയുടെ കരുത്തിൽ മുൻ സാമ്പത്തികവർഷത്തെ ഇതേ കാലയളവിനേക്കാൾ 5.6 ശതമാനം വളർച്ചയാണ് കൈവരിച്ചതെന്ന് കെ. രാജുഭാനു പറഞ്ഞു.
ആഗോളതലത്തിലെ വിലക്കയറ്റവും വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങളും നിലനിന്നിട്ടും 2024-25 സാന്പത്തികവർഷം മുൻ വർഷത്തേക്കാൾ 9.4 ശതമാനം വളർച്ചയോടെ കയറ്റുമതി 30.47 ബില്യൺ ഡോളറിലെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2026 സാന്പത്തികവർഷത്തെ കയറ്റുമതിയുടെ പൂർണമായ കണക്കു പുറത്തുവരുമ്പോൾ അത് 2025 സാമ്പത്തികവർഷത്തിന് സമാനമായ നിലയിലായിരിക്കാനാണ് സാധ്യതയെന്നു ഫാർമെക്സിൽ ചെയർമാൻ നമിത് ജോഷി പറഞ്ഞു.
നയപരമായ മുൻഗണനകൾ, പരമ്പരാഗത വിപണികൾക്കു പുറമെ പുതിയ വിപണികൾ കണ്ടെത്തുക, വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കുക, ഗുണനിലവാര നിയന്ത്രണങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയിലൂടെ 2030ഓടെ ഔഷധ കയറ്റുമതി 65 ബില്യൺ ഡോളറിലെത്തിക്കയാണ് ഫാർമെക്സിലിന്‍റെ ലക്ഷ്യമെന്ന് രാജുഭാനു അറിയിച്ചു.
ലോകമെമ്പാടുമുള്ള ഇരുന്നൂറിലധികം വിപണികളിലേക്ക് ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ, അളവിന്‍റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഔഷധ കയറ്റുമതിയുടെ 60 ശതമാനവും ഉന്നത ഗുണനിലവാര നിയന്ത്രണങ്ങളുള്ള വിപണികളിലേക്കാണ്. ഇത് ഈ മേഖലയിലെ ഉന്നത നിലവാരവും നിബന്ധനകൾ പാലിക്കുന്നതിലെ കൃത്യതയും വ്യക്തമാക്കുന്നു. ഇന്ത്യയുടെ കയറ്റുമതിയുടെ 34 ശതമാനം യുഎസിലേക്കും 19 ശതമാനം യൂറോപ്പി ലേക്കുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2025 തീരുവ സംബന്ധമായ പ്രശ്നങ്ങൾ കാരണം യുഎസിൽ സാധാരണയേക്കാൾ 1.6 ബില്യൺ ഡോളറിന്‍റെ അധിക മരുന്ന് ശേഖരണം നടന്നതായി നമിത് ജോഷി പറഞ്ഞു. ഇത് 2026 സാന്പത്തികവർഷത്തെ കണക്കുകളിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും മാർച്ചിലെ കണക്കുകൂടി വന്നതിനു ശേഷമേ യഥാർഥ കണക്ക് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.






