
സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും രണ്ടര ശതമാനത്തോളം താഴെ നില്‍ക്കുമ്പോള്‍ ബിഎസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം റെക്കോഡ് കുറിച്ചു.
വ്യാഴാഴ്‌ചത്തെ ക്ലോസിംഗ് പ്രകാരം ബിഎസ്‌ഇയിലെ 4776 കമ്പനികളുടെ മൊത്തം വിപണിമൂല്യം 280.5 ലക്ഷം കോടി രൂപയാണ്. ജനുവരി 17ലെ 280 ലക്ഷം കോടി എന്ന മുന്‍കാല റെക്കോഡ് ആണ് മറികടന്നത്.
നിഫ്‌റ്റി മിഡ്‌കാപ് 100 സൂചിക ഇപ്പോഴും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 5.4 ശതമാനം താഴെയാണ്. നിഫ്‌റ്റി സ്‌മോള്‍കാപ് 100 സൂചിക 20 ശതമാനം താഴെയാണ്.
ഈ വര്‍ഷം നടന്ന പുതിയ വമ്പന്‍ ലിസ്റ്റിങ്ങുകള്‍ വിപണിമൂല്യം പുതിയ ഉയരത്തിലെത്തുന്നതിന് സഹായകമായിട്ടുണ്ട്. ഈ വര്‍ഷം ലിസ്റ്റ് ചെയ്‌ത എല്‍ഐസിയുടെ വിപണിമൂല്യം 4.4 ലക്ഷം കോടി രൂപയാണ്. അദാനി വില്‍മാര്‍ (വിപണിമൂല്യം 95,091 കോടി രൂപ), ഡെല്‍ഹിവറി (വിപണിമൂല്യം 40,627 കോടി രൂപ) എന്നിവയാണ് മറ്റ് രണ്ട് വമ്പന്‍ ലിസ്റ്റിങ്ങുകള്‍.
ജൂണ്‍ 17ന് രേഖപ്പെടുത്തിയ ഒരു വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും സെന്‍സെക്‌സ് 17 ശതമാനമാണ് ഉയര്‍ന്നത്. യുഎസ് വിപണിയിലെ കരകയറ്റത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരികളിലും മുന്നേറ്റമുണ്ടായത്.
ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വില വലിയൊരു കുതിപ്പിനു ശേഷം കുറഞ്ഞതാണ് വിപണിയിലെ ആശ്വാസ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. യുഎസിലെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞത് ഈ ആശ്വാസ മുന്നേറ്റത്തിന് ശക്തിയേകി.