
ന്യൂഡല്‍ഹി: ഒക്ടോബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 3.85 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 524.52 ബില്ല്യണ്‍ ഡോളറിലെത്തി. ഒക്ടോബര്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം രണ്ട് വര്‍ഷത്തെ കുറഞ്ഞ നിലവാരത്തിലെത്തിയിരുന്നു. രൂപയുടെ മൂല്യമിടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയ ഇടപെടല്‍ കാരണമാണ് വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുന്നത്.
ഇതിനോടകം 117.93 ബില്യണ്‍ ഡോളര്‍ കുറവാണ് റെക്കോര്‍ഡ് ഉയരമായ 642.45 ബില്യണ്‍ ഡോളറില്‍ നിന്ന് സ്പോട്ട് ഫോറെക്സ് കരുതല്‍ ശേഖരം നേരിട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് കരുതല്‍ ശേഖരം റെക്കോര്‍ഡ് ഉയര്‍ച്ച കൈവരിക്കുന്നത്. കഴിഞ്ഞ 12 ആഴ്ചകളില്‍ 11 എണ്ണത്തിലും ശേഖരത്തില്‍ കുറവ് രേഖപ്പെടുത്തി.
ഒക്ടോബര്‍ 7 ന് അവസാനിച്ച ആഴ്ച മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈ 2020 ല്‍ കുറിച്ച 528.37 ബില്ല്യണ്‍ ഡോളറാണ് സര്‍വകാല താഴ്ച.
കറന്‍സി മാര്‍ക്കറ്റിലുള്ള ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിദേശ കറന്‍സി ആസ്തി 3.59 ബില്ല്യണ്‍ കുറഞ്ഞ് 465.08 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.സ്വര്‍ണ്ണശേഖരത്തില്‍ 247 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.
സ്വര്‍ണ്ണശേഖരം 37.21 ബില്ല്യണ്‍ ഡോളറിന്റേതായി. നിലവില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.6750 എന്ന താഴ്ചയിലാണുള്ളത്. ഇതോടെ തുടര്‍ച്ചയായ ആറ് ആഴ്ചയായി രൂപയുടെ മൂല്യം താഴ്ന്നു. ഒരു ഘട്ടത്തില്‍ 83 എന്ന റെക്കോര്ഡ് താഴ്ചയും ഇന്ത്യന്‍ കറന്‍സി കുറിച്ചു.
രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച തടയാന്‍, 118ബില്യണ്‍ ഡോളറാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം ചെലവഴിച്ചത്.






