ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ആഗോള നേട്ടവുമായി അമൃത ആശുപത്രി

  • കർണാടക സ്വദേശി അമരേഷിനും ഇറാഖി പൗരൻ യൂസഫിനും ശസ്ത്രക്രിയയിലൂടെ പുതുജന്മത്തിന്റെ അമൃതസ്പർശം

കൊച്ചി: അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട രണ്ട് രോഗികൾക്ക് മസ്തിഷ്ക മരണം സംഭവിച്ച രണ്ട് പേരുടെ കൈകൾ അതിസങ്കീർണമായ ശസ്ത്രകിയകളിലൂടെ വിജയകരമായി വച്ചുപിടിപ്പിച്ച് കൊച്ചി അമൃത ആശുപത്രി.

കർണ്ണാടക സ്വദേശി അമരേഷും ഇറാക്കി പൗരൻ യൂസഫും, മരണാനന്തര അവയവദാനത്തിലൂടെ മാതൃകകളായ വിനോദിന്റെയും അമ്പിളിയുടെയും കൈകളുമായി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക് കടന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് രണ്ടു ശസ്ത്രക്രിയകളും വിജയകരമായി നടന്നത്.

അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രകറ്റീവ് സർജറി വിഭാഗത്തിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി സർജൻമാരും അനസ്തേഷ്യ വിദഗ്ധരും ഉൾപ്പെടുന്ന മെഡിക്കൽ സംഘം മണിക്കൂറുകളോളം സമയമെടുത്ത് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.

കർണാടകയിലെ ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ജെസ്‌കോം) ജൂനിയർ പവർമാൻ ആയ അമരേഷിന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) വഴി 2018 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത അമരേഷ് തുടർന്നിങ്ങോട്ട് വർഷങ്ങളായി അനുയോജ്യനായ ഒരു ദാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു.

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയിൽ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തത്. വിനോദിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതി വഴി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. 2022 ജനുവരി 5നായിരുന്നു അമരേഷിന്റെ സർജറി.

വളരെ സങ്കീർണമായ ശസ്ത്രക്രിയയായിരുന്നെന്നും ഷോൾഡർ ലെവലിൽ കൈകൾ തുന്നിച്ചേർക്കുന്നത് വളരെ അപൂർവമാണെന്നും കൊച്ചി അമൃത ആശുപത്രിയിലെ സെന്റർഫോർ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. ലോകത്തിൽ തന്നെ ഈ തരത്തിലുള്ള മൂന്നാമത്തെ ശസ്ത്രക്രിയയായിരുന്നു.

ബാഗ്ദാദിൽ നിന്നുള്ള യൂസിഫ് ഹസൻ എന്ന ഇന്റീരിയർ കൺസ്ട്രക്ഷൻ തൊഴിലാളിക്ക് 2019 ഏപ്രിലിൽ നിർമ്മാണ സ്ഥലത്ത് മതിൽ തുരക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമായിരുന്നതിനാൽ ഇരുകൈകളും കൈമുട്ടിന്റെ ഭാഗത്തുവച്ച് മുറിച്ചു മാറ്റേണ്ടതായി വന്നു.

അപകടം നടന്ന ആറ് മാസങ്ങൾക്കുശേഷം കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അറിയാൻ യൂസിഫ് കൊച്ചി അമൃത ആശുപത്രിയിലെത്തി. 2021 ജൂലൈയിൽ കേരള ഓർഗൻ ഷെയറിങ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തു.

ഒടുവിൽ 2022 ഫെബ്രുവരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്പിളി (39) യുടെ കൈകളാണ് യൂസിഫിന് താങ്ങായെത്തിയത്. ഡോ.സുബ്രഹ്ണ്യ അയ്യരുടെയും ഡോ.മോഹിത് ശർമ്മയുടെയും നേതൃത്വത്തിലുള്ള സംഘം തന്നെയാണ് സർജറി പൂർത്തിയാക്കിയത്.

2015 ജനുവരിയിൽ മനു എന്ന 30 വയസ്സുകാരന് ഇത്തരത്തിലുള്ള ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ സർജറി സംഘമാണ് ഇന്ത്യയിൽ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയിൽ ആകെ 11 പേർക്ക് കൈ മാറ്റിവയ്ക്കൽ ശസ്തക്രിയ നടത്തിയിട്ടുണ്ട്.

X
Top