
- ആൻഡമാൻ, നിക്കോബാർ കേന്ദ്രഭരണ പ്രദേശ സർക്കാരുമായി ഭൗമശാസ്ത്ര മന്ത്രാലയം സഹകരിക്കും
ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പൊതുപരാതി പരിഹാര, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യയിലെ ആദ്യത്തെ തുറന്ന കടലിലെ മറൈൻ മത്സ്യ വളർത്തൽ പദ്ധതിക്ക് ആൻഡമാൻ കടലിൽ തുടക്കം കുറിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുകയും ആവർത്തിച്ച് ഊന്നിപ്പറയുകയും ചെയ്തതുപോലെ, ഇന്ത്യയുടെ വിശാലമായ സമുദ്രവിഭവങ്ങളിലൂടെ സമുദ്ര സമ്പദ്‌വ്യവസ്ഥ സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യത്തെ പ്രധാന ചുവടുവെയ്പ്പുകളിൽ ഒന്നാണിതെന്ന് മന്ത്രി ഈ സംരംഭത്തെ വിശേഷിപ്പിച്ചു.
ആൻഡമാൻ കടലിലേക്കുള്ള മന്ത്രിയുടെ സന്ദർശന വേളയിൽ ശ്രീ വിജയപുരത്തെ നോർത്ത് ബേയിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം, അതിൻ്റെ സാങ്കേതിക വിഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പ്രകൃതിദത്തമായ സമുദ്ര സാഹചര്യങ്ങളിൽ മത്സ്യങ്ങളുടേയും കടൽപ്പായലുകളുടേയും തുറന്ന കടലിലെ കൃഷിയിലാണ് ഈ പ്രാരംഭ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതുമായി സംയോജിപ്പിക്കുന്നു.






