
ബെയ്ജിംഗ്: ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ 5.5 ബില്യണ്‍ ഡോളറിന്‍റെ വർധന രേഖപ്പെടുത്തി. ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നുവെന്ന വിലയിരുത്തലിനിടെയാണ് ഈ പ്രവണത. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 116.12 ബില്യണ്‍ ഡോളർ എന്ന റിക്കാർഡ് നിലയിലെത്തി. ചൈനീസ് കസ്റ്റംസാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയായ 155.62 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകൾ പറയുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധിക തീരുവ ഉയർത്തിയ വർഷമാണ് രണ്ടുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം റിക്കാർഡിലെത്തിയത്.
വർഷങ്ങളായി ചൈനയിലേക്കുള്ള കയറ്റുമതിയിൽ പുരോഗതിയില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെ മുൻ വർഷത്തേക്കാൾ 9.7 ശതമാനം വർധനയിൽ 19.75 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതി നടന്നു. 5.5 ബില്യണ്‍ ഡോളറിന്‍റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 12.8 ശതമാനം ഉയർന്ന് 135.87 ബില്യണ്‍ ഡോളറിലെത്തി.ഇന്ത്യ-ചൈന വ്യാപാരത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വ്യാപാര കമ്മി. ഇത് കഴിഞ്ഞ വർഷം 116.12 ബില്യണിലാണെത്തിയത്. 2023നുശേഷം രണ്ടാം തവണയാണ് വ്യാപാരകമ്മി 100 ബില്യണ്‍ ഡോളർ കടക്കുന്നത്.
2024ൽ 99.21 ബില്യണ്‍ ഡോളറിന്‍റെ വ്യാപാര കമ്മിയായിരുന്നു. ഇക്കാലത്ത് ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 113.45 ബില്യണ്‍ ഡോളറിന്‍റേതായിരുന്നു. ഇന്ത്യയിൽനിന്നുള്ളത് 14.25 ബില്യണ്‍ ഡോളറിന്‍റേതും.
യുഎസുമായി വ്യാപാര സംഘർഷങ്ങൾ തുടരുന്പോഴും ചൈനയുടെ മൊത്തം ആഗോള കയറ്റുമതി ഉയരുകയാണ്. 2025ൽ ചൈനയുടെ വ്യാപാരമിച്ചം റിക്കാർഡ് ഉയരമായ 1.2 ട്രില്യണ്‍ ഡോളറിലെത്തി. 2024നേക്കാൾ 20 ശതമാനത്തിന്‍റെ വർധന.
കയറ്റുമതി 3.77 ട്രില്യണ്‍ ഡോളറിന്‍റേതും ഇറക്കുമതി 2.58 ട്രില്യണ്‍ ഡോളറിന്‍റേതുമായിരുന്നുവെന്ന് കസ്റ്റംസ് കണക്കുകൾ കാണിക്കുന്നു. ചൈനയുടെ വ്യാപാര ബന്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് കയറ്റുമതി ഉയരാനുണ്ടായ കാരണം.






