
ബെയ്ജിംഗ്: ഇന്ത്യയില്‍നിന്നു ചൈനയിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ല്‍ 5.5 ബില്യണ്‍ ഡോളറിന്‍റെ വര്‍ധന രേഖപ്പെടുത്തി. ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നുവെന്ന വിലയിരുത്തലിനിടെയാണ് ഈ പ്രവണത. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 116.12 ബില്യണ്‍ ഡോളര്‍ എന്ന റിക്കാര്‍ഡ് നിലയിലെത്തി. ചൈനീസ് കസ്റ്റംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിലയായ 155.62 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകള്‍ പറയുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധിക തീരുവ ഉയര്‍ത്തിയ വര്‍ഷമാണ് രണ്ടുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം റിക്കാര്‍ഡിലെത്തിയത്.
വര്‍ഷങ്ങളായി ചൈനയിലേക്കുള്ള കയറ്റുമതിയില്‍ പുരോഗതിയില്ലായിരുന്നു. എന്നാല്‍, കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെ മുന്‍ വര്‍ഷത്തേക്കാള്‍ 9.7 ശതമാനം വര്‍ധനയില്‍ 19.75 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതി നടന്നു. 5.5 ബില്യണ്‍ ഡോളറിന്‍റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 12.8 ശതമാനം ഉയര്‍ന്ന് 135.87 ബില്യണ്‍ ഡോളറിലെത്തി.ഇന്ത്യ-ചൈന വ്യാപാരത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വ്യാപാര കമ്മി. ഇത് കഴിഞ്ഞ വര്‍ഷം 116.12 ബില്യണിലാണെത്തിയത്. 2023നുശേഷം രണ്ടാം തവണയാണ് വ്യാപാരകമ്മി 100 ബില്യണ്‍ ഡോളര്‍ കടക്കുന്നത്.
2024ല്‍ 99.21 ബില്യണ്‍ ഡോളറിന്‍റെ വ്യാപാര കമ്മിയായിരുന്നു. ഇക്കാലത്ത് ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 113.45 ബില്യണ്‍ ഡോളറിന്‍റേതായിരുന്നു. ഇന്ത്യയില്‍നിന്നുള്ളത് 14.25 ബില്യണ്‍ ഡോളറിന്‍റേതും.
യുഎസുമായി വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും ചൈനയുടെ മൊത്തം ആഗോള കയറ്റുമതി ഉയരുകയാണ്. 2025ല്‍ ചൈനയുടെ വ്യാപാരമിച്ചം റിക്കാര്‍ഡ് ഉയരമായ 1.2 ട്രില്യണ്‍ ഡോളറിലെത്തി. 2024നേക്കാള്‍ 20 ശതമാനത്തിന്‍റെ വര്‍ധന.
കയറ്റുമതി 3.77 ട്രില്യണ്‍ ഡോളറിന്‍റേതും ഇറക്കുമതി 2.58 ട്രില്യണ്‍ ഡോളറിന്‍റേതുമായിരുന്നുവെന്ന് കസ്റ്റംസ് കണക്കുകള്‍ കാണിക്കുന്നു. ചൈനയുടെ വ്യാപാര ബന്ധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് കയറ്റുമതി ഉയരാനുണ്ടായ കാരണം.






